ചാവക്കാട്: സിപിഎം നേതാക്കള്‍ക്ക് നേരെ വധശ്രമം നടത്തിയ പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് അഞ്ച് വര്‍ഷം തടവും മൂന്നുലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും വിധിച്ചു. 2011ല്‍ സിപിഎം നേതാക്കളായ ചാവക്കാട് കണ്ടാണശ്ശേരിയിലെ കെജി പ്രമോദ്, വികെ ദാസന്‍ എന്നിവര്‍ക്കെതിരെ നടന്ന ആക്രമണത്തിനാണ് ശിക്ഷ വിധിച്ചത്.
കണ്ടാണശ്ശേരി എല്‍.പി. സ്‌കൂളിന് മുന്‍വശത്തെ റോഡില്‍വെച്ച് സംഘംചേര്‍ന്ന് ആയുധങ്ങളുമായെത്തിയ പ്രതികള്‍ ഇരുവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചാവക്കാട് സബ് കോടതി കണ്ടെത്തിയിരുന്നു. പിഴസംഖ്യയില്‍ 35,000 രൂപ പ്രമോദിനും 15,000 രൂപ ദാസനും നല്‍കാനും കോടതി ഉത്തരവായി. കെജി പ്രമോദ് കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റാണ്. വികെ ദാസന്‍ പഞ്ചായത്ത് അംഗമാണ്.
കേസില്‍ 13 പ്രതികളുണ്ടായിരുന്നു. അവരില്‍ മൂന്നുപേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു.വിജീഷ് , തടത്തില്‍ പ്രനീഷ് , കുഴുപ്പുള്ളി ബിനോയ്, വടക്കത്ത് വിനോദ്, ചീരോത്ത് യദുനാഥ്, ചൂണ്ടുപുരയ്ക്കല്‍ സുധീര്‍ , വട്ടംപറമ്ബില്‍ സന്തോഷ്, ഇരപ്പശ്ശേരി വിനീഷ് , കൊഴുക്കുള്ളി നിഖില്‍, ചൂണ്ടുപുരയ്ക്കല്‍ സുമോദ് എന്നിവരെയാണ് ശിക്ഷിച്ചത്.
ആക്രമണം നടക്കുന്ന സമയത്ത് പഞ്ചായത്ത് അംഗവും സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പ്രമോദും ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്തംഗവുമായിരുന്ന ദാസനും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി യോഗം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം. പ്രമോദിന്റെ തലയ്ക്ക് മാരകമായ പരിക്കേറ്റു. താടിയെല്ലും കാല്‍മുട്ടുകളും തകര്‍ന്നു. ദാസന് കാലുകളിലും കൈകളിലും വെട്ടേറ്റു.
സംഭവത്തില്‍ പൊലീസ് കുറ്റപത്രം നല്‍കിയെങ്കിലും, അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയുമായി പരിക്കേറ്റവര്‍ കോടതിയെ സമീപിച്ചു. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അവശേഷിപ്പിച്ചാണ് കുറ്റപത്രമെന്നും പുനരന്വേഷണം നടത്തണമെന്നുമുള്ള, പരിക്കേറ്റവരുടെ പരാതി അംഗീകരിച്ച കോടതി കേസ് വീണ്ടും അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് കേസില്‍ വീണ്ടും അന്വേഷണം നടത്തി 2015 ഏപ്രില്‍ 13-ന് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്.