ഒരു മുഴം മുൻപേ മുൻകരുതൽ എടുത്ത് ബി.ജെ.പിയും, പുതിയ തന്ത്രവുമായി . . . !

കേന്ദ്ര ഭരണം പിടിക്കാന്‍ ബി.ജെ.പിയും തന്ത്രം മാറ്റുന്നു. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരിക്കാന്‍ ആവശ്യമായ എന്തും ചെയ്യുമെന്നാണ് സംഘപരിവാര്‍ നേതൃത്വം വ്യക്തമാക്കുന്നത്.

അതായത് എന്‍.ഡി.എക്ക് ഒറ്റക്കോ മറ്റ് പ്രാദേശിക കക്ഷികളുടെ പിന്തുണയിലോ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്നാം ചേരിക്ക് പിന്തുണ നല്‍കാനും തയ്യാറാണെന്ന നിലപാടിലാണ് ഇപ്പോള്‍ ബിജെപി. ഇടതുപക്ഷമൊഴികെയുള്ള മൂന്നാം ചേരിയിലെ പാര്‍ട്ടികളെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

മുന്‍പ് വി.പി.സിംഗ് പ്രധാനമന്ത്രി ആയ രൂപത്തിലുള്ള ഒരു പരീക്ഷണം നടത്തി, അനുകൂല സാഹചര്യം വരുമ്പോള്‍ സര്‍ക്കാരിനെ വീഴ്ത്തി പൊതു തിരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് കണക്ക് കൂട്ടല്‍.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു മുന്‍പ് രാഷ്ട്രപതിക്ക് മുന്നില്‍ 21 പ്രതിപക്ഷ പാര്‍ട്ടികളെ നിരത്താനുള്ള കോണ്‍ഗ്രസ്സ് നീക്കമാണ് ഇത്തരമൊരു നീക്കത്തിന് ബി.ജെ.പിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിയെ നേരത്തെ കണ്ടത് കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ലന്നും ബി.ജെ.പി വിലയിരുത്തുന്നു. ഇത്തരം ചെപ്പടിവിദ്യകൊണ്ട് മാത്രം വിവിധ താല്‍പ്പര്യങ്ങള്‍ ഉള്ള പ്രാദേശിക പാര്‍ട്ടികളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് കഴിയില്ലന്നാണ് കാവി പടയുടെ വിലയിരുത്തല്‍.

മായാവതിയുടെ ബി.എസ്.പി, വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ്, ടി.ആര്‍.എസ്, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളെയാണ് പ്രധാനമായും ബി.ജെ.പി ലക്ഷ്യമിടുന്നത്.

ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ രാഷ്ട്രപതി വിളിച്ചാല്‍ പ്രതിപക്ഷത്തെ നല്ലൊരു വിഭാഗവും കൂടെ പോരുമെന്ന കണക്ക് കൂട്ടലും ബി.ജെ.പിക്കുണ്ട്. കേവല ഭൂരിപക്ഷം തികയ്ക്കാന്‍ പുറത്തുള്ള ഒരു കക്ഷിയുടെ പിന്തുണ മാത്രം മതിയെങ്കില്‍ ഉപപ്രധാനമന്ത്രി പദം വരെ സൃഷ്ടിക്കാനും ബി.ജെ.പി തയ്യാറായേക്കും.

വാജ്‌പേയി മന്ത്രിസഭയില്‍ എല്‍.കെ അദ്വാനി ആയിരുന്നു ഉപപ്രധാനമന്ത്രി. മോദിക്കു കീഴില്‍ ഇത്തരമൊരു അധികാര കേന്ദ്രം സൃഷ്ടിക്കണമെങ്കില്‍ ആര്‍.എസ്.എസ് അനുമതി ബി.ജെ.പിക്ക് അനിവാര്യമാണ്.

ഏതു വിധേനയും കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നത് തടയണം എന്ന താല്‍പ്പര്യമാണ് ആര്‍.എസ്.എസിനും ഉള്ളത്. രാമക്ഷേത്ര കാര്യത്തില്‍ മോദി സര്‍ക്കര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നൂവെങ്കില്‍ ഇപ്പോഴത്തെ ഈ ആശങ്കക്ക് തന്നെ പ്രസക്തി ഉണ്ടാവുമായിരുന്നില്ല എന്നാണ് ആര്‍.എസ്.എസ് നേതൃത്വം ചൂണ്ടികാട്ടുന്നത്.

അതേസമയം, ഓരോ സംസ്ഥാനത്തും പ്രാദേശിക പാര്‍ട്ടികളെ ചൊല്‍പ്പടിയിലാക്കാന്‍ നേതാക്കള്‍ക്ക് ബി.ജെ.പി ചുമതല നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് ശേഷമാണ് നേരിട്ടുള്ള ചര്‍ച്ചയെങ്കിലും ഇപ്പോഴെ അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. അമിത് ഷായാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. തിരഞ്ഞെടുപ്പ് വിധിക്കു ശേഷം നരേന്ദ്ര മോദി തന്നെ നേരിട്ട് രംഗത്തിറങ്ങും.

കേന്ദ്രത്തില്‍ മോദി വീണ്ടും സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന തോന്നല്‍ ഉണ്ടായാല്‍ തന്നെ പ്രതിപക്ഷത്ത് ഭിന്നത ഉണ്ടാകുമെന്നാണ് രാഷ്ട്രിയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ്സായാലും ബി.ജെ.പി ആയാലും മൂന്നാം ചേരി തന്നെ ആയാലും കേന്ദ്ര ഭരണത്തില്‍ പങ്കാളിയാവണം എന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

ഇടതുപക്ഷത്തിന് മാത്രമാണ് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായവും നിലപാടും ഉളളത്.രണ്ട് എം.പിമാരെ പ്രതീക്ഷിക്കുന്ന മുസ്ലീം ലീഗ് പോലും കേന്ദ്രത്തില്‍ ആഗ്രഹിക്കുന്നത് രണ്ട് മന്ത്രി പദമാണ്. ബി.ജെ.പിയെ പിന്തുണക്കില്ലങ്കിലും വേറെ എന്ത് സംവിധാനം വന്നാലും ലീഗ് പോലും അവകാശവാദവുമായി മുന്നില്‍ തന്നെയുണ്ടാകും.

ഇത്തരം ചെറു പാര്‍ട്ടികളും സ്വതന്ത്രരും എല്ലാം കേന്ദ്രം ആര് ഭരിക്കണമെന്ന കാര്യത്തില്‍ നിര്‍ണ്ണായക ഘടകമായാല്‍ അതും വലിയ ദുരന്തമായി തന്നെ മാറും. അസ്ഥിരമായ ഒരു സര്‍ക്കാരിനെ സംഭാവന ചെയ്യാന്‍ മാത്രമേ ഇത്തരം സാമ്പാറ് മുന്നണിയുടെ പിന്തുണ വഴിവയ്ക്കുകയൊള്ളൂ.

Express Kerala View

Top