ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടര്‍ വിലവര്‍ധനയില്‍ ബിജെപി നേതാക്കളെ പരിഹസിച്ച് രാഹുല്‍ ഗാന്ധി.പാചകവാതക സിലിണ്ടറിന് 144 രൂപ 50 പൈസ വില വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് രാഹുല്‍ ബിജെപിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്.യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാചകവാതകത്തിനു വില വര്‍ധിപ്പിച്ചപ്പോള്‍ സിലിണ്ടറുമായി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രമാണ് രാഹുല്‍ പങ്കുവച്ചത്.
‘പാചകവാതക സിലിണ്ടറിന് 150 രൂപ വില വര്‍ധിപ്പിച്ചപ്പോള്‍ പ്രതിഷേധിച്ച ഈ ബിജെപി പ്രവര്‍ത്തകരെ ഞാന്‍ അനുകൂലിക്കുന്നു’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. വിലവര്‍ധന പിന്‍വലിക്കൂ എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ചു. പാചകവാതക സിലിണ്ടറിന് 144 രൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകിടംമറിക്കുകയാണെന്നും തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.
I agree with these members of the BJP as they protest the astronomical 150 Rs price hike in LPG cylinders. #RollBackHike pic.twitter.com/YiwpjPdTNX
— Rahul Gandhi (@RahulGandhi) February 13, 2020