പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിത് ചരിത്ര നേട്ടം. ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയായ അടല്‍ബിഹാരി വാജ്പേയിക്കുപോലും സ്വന്തമാക്കാന്‍ കഴിയാത്ത അപൂര്‍വ്വ നേട്ടമാണ് രണ്ടാമൂഴത്തിലൂടെ മോദി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അജയ്യനായ പോരാളിയാണ് താനെന്ന് മോദി തെളിയിച്ച് കഴിഞ്ഞു.
വന്‍ ഭൂരിപക്ഷത്തിന് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹചര്യമാണ് ബിജെപിക്ക് മോദി ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. അതും ഒറ്റക്ക്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും മോദിക്കെതിരെ ഇനി ഒരില പോലും അനങ്ങില്ല. നിധിന്‍ ഗഡ്ക്കരിക്കും വാപൊത്തി മിണ്ടാതിരിക്കേണ്ടി വരും.
ഒട്ടുമിക്ക സംസ്ഥാനങ്ങളിലും എക്‌സിറ്റ് പോളുകളെ വെല്ലുന്ന വിജയം നേടാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ബംഗാളിലും,കര്‍ണ്ണാടകയിലും, രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലുമെല്ലാം മോദി തരംഗം പ്രകടമാണ്. യു.പിയിലെ മഹാസഖ്യത്തിന്റെ പ്രതീക്ഷകളെ തകര്‍ത്ത് അവിടേയും മേധാവിത്വം പുലര്‍ത്തിയത് ബി.ജെ.പി തന്നെയാണ്. ഈ കാവിതരംഗത്തിന് പിന്നില്‍ മോദി എന്ന ബ്രാന്‍ഡ് തന്നെയായിരുന്നുവെന്ന് ആര്‍.എസ്.എസ് നേതൃത്വവും സമ്മതിക്കുന്നുണ്ട്.
ഇന്ത്യയില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ക്കു മാത്രമാണ് രണ്ടാമൂഴം ഇതുവരെ ലഭിച്ചിട്ടുള്ളത്. ചായക്കാരനായും ആര്‍.എസ്.എസ് പ്രചാരകനായും രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മോദി രണ്ടാംവട്ടവും പ്രധാനമന്ത്രിയാകുമ്പോള്‍ അപ്രസക്തമാകുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടിയാണ്. പാര്‍ലമെന്റില്‍ പോലും ഇനി വിരലുയര്‍ത്താന്‍ അവര്‍ ഭയപ്പെടും.കൂടുതല്‍ കര്‍ക്കശക്കാരനായ ഒരു പ്രധാനമന്ത്രിയെയായിരിക്കും പ്രതിപക്ഷത്തിന് അഭിമുഖീകരിക്കേണ്ടി വരിക.
രാമക്ഷേത്ര നിര്‍മാണം ലക്ഷ്യമിട്ട് ഇന്ത്യയെ ഇളക്കിമറിച്ച എല്‍.കെ അദ്വാനിയുടെ രഥയാത്രയുടെ കോ ഓര്‍ഡിനേറ്ററും അദ്വാനിയുടെ പ്രിയ ശിഷ്യനുമായാണ് മോദി രാഷ്ട്രീയത്തില്‍ ആദ്യം തിളങ്ങിയിരുന്നത്.
ഗാന്ധിയുടെ ജന്‍മനാടായ കോണ്‍ഗ്രസിന്റെ കോട്ടയായ ഗുജറാത്തില്‍ 1995ല്‍ ബി.ജെ.പിക്ക് ഭരണം നേടിക്കൊടുത്തത് മോദിയുടെ തന്ത്രങ്ങളായിരുന്നു. അധികാര രാഷ്ട്രീയത്തില്‍ നിന്നും അകന്നു നിന്ന മോദിയെ 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത് അദ്വാനിയുടെ ഇടപെടല്‍ മൂലമായിരുന്നു.
ഇതോടെ ഗുജറാത്തില്‍ മോദിയുഗത്തിനാണ് തുടക്കമായിരുന്നത്. 2002ല്‍ ഗുജറാത്തില്‍ മുസ്ലീം വംശഹത്യയും കലാപവും നടന്നതോടെ ഗുജറാത്തില്‍ എതിര്‍വാക്കുയരാത്ത മുഖ്യമന്ത്രിയായി മോദി മാറി .
2014ല്‍ പ്രധാനമന്ത്രിയാകുന്നതുവരെ തുടര്‍ച്ചയായ 13 വര്‍ഷം ഗുജറാത്തില്‍ സര്‍വാധിപത്യമുള്ള മുഖ്യമന്ത്രിയായിരുന്നു മോദി.
ഇതോടെ ബി.ജെ.പി കേന്ദ്ര നേതൃത്വം പോലും മോദിക്ക് മുന്നില്‍ മുട്ടിടിക്കാന്‍ തുടങ്ങി. ആര്‍.എസ്.എസ് ഇടപെട്ടാണ് 2014ല്‍ അദ്വാനിയെ മാറ്റി മോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. അവരുടെ ആ കണക്ക് കൂട്ടലുകള്‍ തെറ്റിയതുമില്ല.
കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരം പിടിച്ച മോദി പ്രതിപക്ഷത്തെ തകര്‍ക്കുന്ന നീക്കങ്ങളാണ് പിന്നീട് നടത്തിയത്.
ഗുജറാത്തില്‍ കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലെത്തിച്ച ഓപ്പറേഷന്‍ രാജ്യവ്യാപകമായി പരീക്ഷിച്ചതോടെ കോണ്‍ഗ്രസ് കുത്തകയാക്കിവെച്ച സംസ്ഥാന ഭരണങ്ങള്‍ ഓരോന്നായി പിന്നീട് ബി.ജെ.പി പിടിച്ചെടുത്തു.
എക്കാലത്തും കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന ഉരുക്കുകോട്ടകളായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസിനെ തകര്‍ത്ത് ബി.ജെ.പി അധികാരത്തിലേറി. കോണ്‍ഗ്രസും സി.പി.എമ്മും മാത്രമുണ്ടായിരുന്ന ത്രിപുരയില്‍ ഇരു വിഭാഗത്തേയും തകര്‍ത്താണ് ബി.ജെ.പി അധികാരത്തില്‍ വന്നിരുന്നത്.
മമതയുടെ ബംഗാളില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം മോദിയുടെ തന്ത്രങ്ങളുടെ ഭാഗമാണ്. ഇവിടെ സംസ്ഥാന ഭരണം പിടിക്കുന്ന തലത്തിലേക്ക് തന്നെ ബിജെപി വളര്‍ന്ന് കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനയും അതാണ്. ബംഗാളിലെ ബി.ജെ.പി മുന്നേറ്റം കണ്ട് ആകെ വിറച്ചിരിക്കുകയാണ് മമത ഭരണകൂടം.
ഒഡീഷയില്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കിയ മുന്നേറ്റമാണ് ബി.ജെ.പി നടത്തിയത്.ഇവിടെ ബിജു ജനതാദളിന് തൊട്ടുപിന്നാലെ രണ്ടാമത്തെ കക്ഷിയായി ബിജെപി എത്തി കഴിഞ്ഞു.
കര്‍ണ്ണാടകയില്‍ തകര്‍പ്പന്‍ വിജയം നേടാനും ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അപ്രതീക്ഷിത നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതുമെല്ലാം മോദീ പ്രഭാവം ഒന്നുകൊണ്ട് മാത്രമാണ്.
ചായക്കാരന്‍, താഴ്ന്ന ജാതിക്കാരന്‍ എന്നീ മോദിയുടെ സ്വയംവിശേഷണങ്ങള്‍ വോട്ടര്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു. പുല്‍വാര ഭീകരാക്രമണത്തിനും ബദലായി പാക്കിസ്ഥാന്‍ മണ്ണായ ബാലാകോട്ടില്‍ മിന്നലാക്രമണം നടത്തിയത് മോദി തുറുപ്പ് ചീട്ടാക്കി.
റാഫേല്‍ അഴിമതി ഉയര്‍ത്തി ചൗക്കീദാര്‍ ചോര്‍ഹെ എന്ന രാഹുല്‍ഗാന്ധിയുടെ മുദ്രാവാക്യം തള്ളിയ ജനങ്ങള്‍ മേം ഭീ ചൗക്കിദാര്‍ ഹൂം
എന്ന മോഡിയുടെ മുദ്രാവാക്യമാണ് നെഞ്ചേറ്റിയത്. ബാലാകോട്ട് മിന്നലാക്രമണത്തിലൂടെ താനാണ് രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് തെളിയിച്ച് കഴിഞ്ഞതായ മോദിയുടെ വാദവും സ്വീകരിക്കപ്പെട്ടു.
ഇനി ബി.ജെ.പിക്കും സംഘപരിവാറിനും മറുവാക്കില്ലാത്ത നേതൃത്വമായി നരേന്ദ്രമോദി മാറും.
എന്‍.ഡി.എയിലും മോദിക്കെതിരെ മറുവാക്കുയരില്ല. ഗുജറാത്തിലെ എതിരാളികളില്ലാത്ത മുഖ്യമന്ത്രിയായിരുന്ന മോദി ഇന്ന് ഇന്ത്യയുടെ എതിരാളികളില്ലാത്ത പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ്. ഒരു കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിക്കും ലഭിക്കാത്ത നേട്ടമാണിത്.
മന്ത്രിസഭയിലും പാര്‍ട്ടിയിലും ഇനി നരേന്ദ്രമോഡിയായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക. ആര്‍.എസ്.എസിനും ഇനി മോഡി പറയുന്നതിനനുസരിച്ച് നീങ്ങേണ്ടിവരും. അമിത്ഷായിലൂടെ ബി.ജെ.പിയിലെ എതിര്‍ശബ്ദങ്ങളായ നേതാക്കളെയെല്ലാം മോഡി വെട്ടിനിരത്തിക്കഴിഞ്ഞു.
ശിവസേനക്ക് പോലും മോദിയുടെ കരുണക്കായി ഇനി കാത്തുനില്‍ക്കേണ്ടി വരും. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ കാത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ മോദിക്കെതിരായ പോരാട്ടം കോണ്‍ഗ്രസിനും കടുപ്പമേറിയതാവും. പ്രതിപക്ഷനിരയിലെ ഭിന്നിപ്പും കോണ്‍ഗ്രസിന്റെ തളര്‍ച്ചയും തന്നെയാണ് മോദിയുടെ പ്രധാന ശക്തി.