തിരുവനന്തപുരം : ബിജെപിയുടെ നേതൃപദവിയിലേക്ക് വരാന്‍ ഇപ്പോള്‍ തീരെ താല്‍പര്യമില്ലെന്ന് മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദന്‍. സംസ്ഥാനത്തു ബിജെപിയുടെ നില പരുങ്ങലിലാണെന്നും കേഡര്‍ പാര്‍ട്ടിയെ നയിക്കാന്‍ നാഥനില്ലാത്ത അവസ്ഥ പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്നും മുകുന്ദന്‍ പറഞ്ഞു.
മുകുന്ദനെ പാര്‍ട്ടി നേതൃപദവിയിലേക്കു തിരികെ കൊണ്ടുവരാന്‍ ദേശീയ നേതൃത്വം ആലോചിക്കുന്നുവെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ പോലുമറിയാതെയാണു തന്നെ ഗവര്‍ണറാക്കിയതെന്നു കുമ്മനം രാജശേഖരന്‍ തന്നെ പറഞ്ഞതല്ലേ. വോട്ടെടുപ്പിനു തൊട്ടുമുമ്പായി അധ്യക്ഷസ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയത് വലിയ തെറ്റായിരുന്നു. ഈ വികാരം തന്നെയാണ് ആര്‍എസ്എസ് നേതൃത്വവും പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ഒരു പാര്‍ട്ടി കുടുംബം അടുത്തകാലത്ത് സിപിഎമ്മിലേക്കു പോയി. അവരുടെ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വന്നൊന്നു ക്ഷണിച്ചതേയുള്ളൂ. തദ്ദേശതിരഞ്ഞെടുപ്പിലൊക്കെ ബിജെപിക്കുവേണ്ടി മല്‍സരിച്ച ആളുകളുള്ള കുടുംബമാണ്. അവര്‍ക്കു സിപിഎമ്മിലേക്കു പോകാന്‍ മടിയുണ്ടായില്ല. ഇതുപോലെ ഒരുപാട് കുടുംബങ്ങളുണ്ട്. അനുഭാവികളുണ്ട്. അവരൊക്കെ ഏതു നിമിഷവും ചോരാം. അണികളുടെ മനസ് നേതൃത്വം കാണാതിരുന്നാല്‍ വലിയ അപകടം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമായിരുന്നു ബിജെപിയുടെ വോട്ട്‌ഷെയര്‍. ഇന്നത് എവിടെ നില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.