എയിംസ് കേരളത്തിനു നഷ്ടപ്പെട്ടെന്ന് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ബിജെപി

bjp

കാസര്‍ഗോഡ് : എയിംസ് കേരളത്തിനു നഷ്ടപ്പെട്ടെന്ന് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്. ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയുടെ 2015ല്‍ കേരളത്തിനു എയിംസ് അനുവദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു ഇല്ല എന്ന മറുപടിയാണ് കേന്ദ്ര മന്ത്രി ജെ പി നദ്ദ നല്‍കിയത്. അതു കൊണ്ട് ഭാവിയില്‍ കേരളത്തിനു എയിംസ് അനുവദിക്കില്ലെന്നതല്ല അര്‍ത്ഥമെന്നും ശ്രീകാന്ത് പറഞ്ഞു.

2014ല്‍ എയിംസ് കേരളത്തില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍ നിലപാട് ആരാഞ്ഞിരുന്നു. അന്ന് അതിന് അനുകൂലമായ നിലപാട് സ്വീകരിക്കാനും എയിംസ് സ്ഥാപിക്കാനാവശ്യമായ മറ്റു നടപടികള്‍ സ്വീകരിക്കാനോ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മാറി വന്ന പിണറായി സര്‍ക്കാരും അലംഭാവം കാട്ടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിനു എയിംസ് അനുവദിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ കാര്യം കാസര്‍ഗോഡ് എംപി പി കരുണാകരന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തിനും കേന്ദ്ര മന്ത്രി ഉറപ്പു നല്‍കിയതാണ്. വിവാദമുണ്ടാക്കുന്നതിനു പകരം എയിംസ് ജില്ലയില്‍ സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ് ഉചിതമെന്നും ശ്രീകാന്ത് കുട്ടിച്ചേര്‍ത്തു.

അതേസമയം എയിംസ് കേരളത്തിന് അനുവദിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന മന്ത്രിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നിരുന്നു.

Top