ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി – പാര്‍ലമെന്ററി ബോര്‍ഡ് യോഗങ്ങള്‍ ഇന്നലെ രാത്രി ചേര്‍ന്നു. 125 ഓളം സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ആദ്യപട്ടികയില്‍ ഉള്ളത് എന്നാണ് സൂചന.

കേരളത്തിലെ എ പ്ലസ് മണ്ഡലങ്ങള്‍ അടക്കമുള്ള എട്ടിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളും, ഡല്‍ഹി, തമിഴ്‌നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ ചില പേരുകളും ഉള്‍പ്പെട്ടതായി വിവരമുണ്ട്. ഡല്‍ഹിയില്‍ ഡോക്ടര്‍ ഹര്‍ഷവര്‍ധന്‍, മീനാക്ഷി ലേഖി എന്നി മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് സുഷമാ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ് അടക്കമുള്ള പുതുമുഖങ്ങളെ ഇത്തവണ രംഗത്ത് ഇറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജനാഥ് സിംഗ്, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവരുടെ പേരുകള്‍ ആദ്യപടികയില്‍ ഉണ്ടാകും. ഒപ്പം സിനിമ ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ള ചില പേരുകളും ആദ്യപട്ടികയില്‍ ഇടം പിടിക്കും എന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. സിനിമാ മേഖലയില്‍ നിന്നും അക്ഷയ് കുമാര്‍, കങ്കണ റണൗട്ട്, എന്നിവരും ക്രിക്കറ്റ് താരം യുവരാജ് സിങ്ങും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.

Top