ലക്‌നൗ: ഉന്നാവോ കൂട്ട മാനഭംഗക്കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ്ങ് സെനഗറിനെ കോടതി ഏഴ് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ലഖ്നൗ കോടതിയുടേതാണ് നടപടി.
ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ പതിനേഴുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തിലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗാര്‍ അറസ്റ്റിലായത്. കഠുവ, ഉന്നാവ് ബലാത്സംഗക്കേസുകളില്‍ നീതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയതിന് തൊട്ടു പിന്നാലെയാണ് എം.എല്‍.എയുടെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തിയത്.
അതിനിടെ, സി.ബി.ഐ സോണല്‍ ഓഫീസിലെത്തിയ പരാതിക്കാരിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.
കുറ്റാരോപിതനായ എം.എല്‍.എയെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രമസമാധാന പാലന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ എം.എല്‍.എ സ്വാധീനിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കസ്റ്റഡിയിലെടുത്ത എം.എല്‍.എയെ ഒരുദിവസം മുഴുവന്‍ ചോദ്യംചെയ്ത ശേഷമാണ് സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയത്. ബന്ധുവിനൊപ്പം ജോലിതേടി എം.എല്‍.എയുടെ വസതിയിലെത്തിയ പെണ്‍കുട്ടിയെ ജൂണ്‍ നാലിന് കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മാനഭംഗം സംബന്ധിച്ച് പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണു സംഭവം വിവാദമായത്. ഇതിനിടെ, ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ പിതാവ് ജയിലില്‍ മരിച്ചിരുന്നു.