കുട്ടനാട്ടിലെ കായലില്‍ ‘മുങ്ങുമെന്ന് ‘ തിരിച്ചറിഞ്ഞ ബി.ജെ.പി കരുനീക്കം

പതിരഞ്ഞെടുപ്പിനെ ബി.ജെ.പി എതിര്‍ക്കുന്നത് പാളയത്തിലെ പട പേടിച്ച്. കുട്ടനാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയില്‍ മത്സരിച്ചത് ബി.ഡി.ജെ.എസാണ്. സുഭാഷ് വാസുവായിരുന്നു സ്ഥാനാര്‍ത്ഥി. 33,044 വോട്ടുകള്‍ അദ്ദേഹത്തിന് നേടാനായിരുന്നു. യു.ഡി.എഫ് നേടിയത് 45,223 വോട്ടുകളാണ്. ഇടതു സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടിക്ക് ലഭിച്ചത് 50,114 വോട്ടുകളാണ്. ഈ കണക്ക് പ്രകാരം രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മില്‍ 12,000ത്തോളം വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്. ഇത്തവണ ബി.ഡി.ജെ.എസ് മത്സരിച്ചാല്‍ ഒരിക്കലും ഈ വോട്ടുകള്‍ ലഭിക്കുകയില്ല. വെള്ളാപ്പള്ളി കുടുംബത്തിന്റെ കടുത്ത ശത്രുവാണിപ്പോള്‍ സുഭാഷ് വാസു. തുഷാര്‍ മത്സരിച്ചാല്‍ എതിര്‍ക്കാന്‍ സുഭാഷ് വാസുവും സെന്‍കുമാറും കുട്ടനാട്ടിലുണ്ടാകും. അവര്‍ ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇവരില്‍ ആരെങ്കിലും സ്ഥാനാര്‍ത്ഥിയുമാകും. എന്‍.ഡി.എയുടെ ഉള്ള വോട്ടുകള്‍ തുലയ്ക്കാന്‍ മാത്രമേ ഈ വിമത നീക്കം കാരണമാകൂ. ഇത് തിരിച്ചറിഞ്ഞാണ് ബി.ജെ.പി ഉപതിരഞ്ഞെടുപ്പ് വേണ്ട എന്നു പറയുന്നത്. അല്ലാതെ കോവിഡ് പേടിച്ചിട്ടല്ല.

സംഘപരിവാറിലെ വലിയ ഒരു വിഭാഗത്തിന്റെ പിന്തുണ സെന്‍കുമാര്‍ വിഭാഗത്തിനാണുള്ളത്. വെള്ളാപ്പള്ളിയും തുഷാറും തട്ടിപ്പുകാരാണ് എന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ആര്‍.എസ്.എസ് പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ് ഇപ്പോഴും സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ ചൊടിപ്പിക്കുന്നതും ഈ നിലപാടാണ്. ബി.ഡി.ജെ.എസ് ബി.ജെ.പിക്ക് ബാധ്യതയാണെന്നാണ് പരിവാറിലെ ഒരു വിഭാഗം തുറന്നടിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഭയന്നാണ് തുഷാര്‍ ഇപ്പോഴും എന്‍.ഡി.എയില്‍ നില്‍ക്കുന്നതെന്നാണ് വാദം. വെള്ളാപ്പള്ളി നടേശന്‍ ഇടതിനെ പിണക്കാതിരിക്കുന്നതും അറസ്റ്റ് പേടിച്ചിട്ടാണ്. നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയാണ് നിലവില്‍ വെള്ളാപ്പള്ളി. ഒരു മുന്നണിയെയും എതിര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അദ്ദേഹമുള്ളത്. കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ തുഷാര്‍ തന്നെ മത്സരിക്കണമെന്നതാണ് ബി.ജെ.പിയുടെ നിലപാട്. ഇത് ബി.ഡി.ജെ.എസിനുള്ള വലിയ കുരുക്കാണ്.

സുഭാഷ് വാസു വിഭാഗത്തിന്റെ പക വോട്ടായാല്‍ കെട്ടിവച്ച കാശുപോലും തുഷാറിന് കിട്ടുകയില്ല. ഇതു തന്നെയാണ് ബി.ജെ.പിയിലെ പ്രബല വിഭാഗവും ആഗ്രഹിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും 2021 ലെ തിരഞ്ഞെടുപ്പിലും ബി.ഡി.ജെ.എസിന്റെ വിലപേശല്‍ കുറക്കാന്‍ ഇത്തരമൊരു ദയനീയ പരാജയം അവര്‍ക്ക് അനിവാര്യവുമാണ്. എന്നാല്‍ അപകടം മുന്നില്‍ കാണുന്ന തുഷാര്‍ മത്സരിക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മറ്റു ചിലരുടെ പേരാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍ ഇത് പരിവാര്‍ നേതൃത്വം അംഗീകരിച്ചിട്ടില്ല.

എസ്.എന്‍.ഡി.പി യോഗം എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ വോട്ടുകള്‍ വെള്ളാപ്പള്ളി കുടുംബത്തിന് ലഭിക്കില്ലെന്നാണ് സുഭാഷ് വാസു വിഭാഗവും ചൂണ്ടിക്കാട്ടുന്നത്. ആര്‍.എസ്.എസ് പിന്തുണയ്ക്കുന്ന മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ഒപ്പമുള്ളതാണ് സുഭാഷ് വാസുവിന്റെ കരുത്ത്. തങ്ങളുടെ കരുത്ത് കുട്ടനാട്ടില്‍ കാണിക്കാനാണ് ഈ വിഭാഗം ആഗ്രഹിക്കുന്നത്. കുട്ടനാട് ഉപതിരഞ്ഞെടുപ്പ് കാവി പടയിലാണ് പോരാട്ടത്തിന് വഴി ഒരുക്കുന്നത്. അതു കൊണ്ട് തന്നെ ഏത് വിധേയനേയും തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് ബി.ജെ.പിയും ആഗ്രഹിക്കുന്നത്.

എന്നാല്‍ ഉപതിരഞ്ഞെടുപ്പ് മാറ്റി വച്ചാലും തുഷാര്‍ – സുഭാഷ് വാസു തര്‍ക്കം തീര്‍ന്നില്ലെങ്കില്‍ വരുന്ന മറ്റു തിരഞ്ഞെടുപ്പുകളിലും അത് എന്‍.ഡി.എയെ ബാധിക്കും. ബി.ഡി.ജെ.എസ് മത്സരിക്കുന്ന എല്ലാ സ്ഥലത്തും റിബലുകളെ നിര്‍ത്താനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. എസ്.എന്‍.ഡി.പി യോഗത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്. ബി.ഡി.ജെ.എസ് നേതൃത്വമാണ് ഇതോടെ പ്രതിരോധത്തിലായിരിക്കുന്നത്. മത്സരിക്കാന്‍ ലഭിക്കുന്ന സീറ്റുകള്‍ കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളിക്ക് തൃപ്തിപ്പെടേണ്ടി വരും. പഴയ പോലെ ഇനി എതിര്‍ ശബ്ദം ഉയര്‍ത്താന്‍ കഴിയുകയില്ല. വെള്ളാപ്പള്ളിയും പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലാണിപ്പോള്‍. ഒരു കാലത്ത് കേരള ഭരണം നിയന്ത്രിച്ചിരുന്ന സാമുദായിക ശക്തികളാണ് ഒന്നുമല്ലാതായി ഇപ്പോള്‍ മാറിയിരിക്കുന്നത്.

Top