മീററ്റ്: വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ ബി.ജെ.പി എം.പി സാക്ഷി മഹാരാജിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി എം.പി വിവാദ പരാമര്‍ശം നടത്തിയത്.
രാജ്യത്തെ ജനസംഖ്യാവര്‍ധനയുമായി ബന്ധപ്പെട്ട വ്യംഗ്യമായ പരാമര്‍ശമാണ് വിവാദമായത്. ജനസംഖ്യാ വര്‍ധനവിന് കാരണം ഹിന്ദുക്കളല്ല, നാല് ഭാര്യമാരും നാല്‍പത് മക്കളും ആവാം എന്ന സങ്കല്‍പത്തെ പിന്തുണയ്ക്കുന്നവരാണ് എന്നായിരുന്നു സാക്ഷിയുടെ പരാമര്‍ശം.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രസംഗത്തിലായിരുന്നു സാക്ഷി മഹരാജിന്റെ വിവാദ പരാമര്‍ശം.
ജാതിയോ മതമോ തിരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന സുപ്രീം കോടതി വിധിയുണ്ടായി ഏതാനും ദിവസങ്ങള്‍ക്കുള്ളിലായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസംഗം.
ഇത് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയെന്ന് യു.പി കോണ്‍ഗ്രസ് നേതാവ് കെ.സി മിത്തല്‍ പറഞ്ഞു.
എന്നാല്‍ താന്‍ ഒരു സമുദായത്തെയും ലക്ഷ്യംവെച്ചുകൊണ്ട് പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സാക്ഷി മഹാരാജ് വ്യക്തമാക്കി.
തന്റെ പ്രസ്താവന തെറ്റായി ഉദ്ധരിക്കപ്പെടുകയായിരുന്നെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ അഭിമുഖീകരിക്കാന്‍ തയ്യാറാണെന്നും സാക്ഷി മഹാരാജ് പ്രതികരിച്ചു.
അതേസമയം, സാക്ഷി മഹാരാജിന്റെ പ്രസംഗം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മീററ്റ് ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വര്‍ഗ്ഗീയ പ്രസ്താവനകളുടെ പേരില്‍ മുന്‍പും സാക്ഷി മഹാരാജ് വിവാദത്തിലായിട്ടുണ്ട്. എല്ലാ ഹിന്ദു സ്ത്രീകളും ചുരുങ്ങിയത് നാല് കുട്ടികള്‍ക്കെങ്കിലും ജന്‍മം നല്‍കണമെന്ന് 2015ല്‍ സാക്ഷി മഹാരാജ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു.