ലോകസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ഒരു മുഴം മുന്‍പേ എറിഞ്ഞ് ബി.ജെ.പി … സൂപ്പര്‍ താരങ്ങളെ ഒപ്പം നിര്‍ത്താനാണ് പാര്‍ട്ടി ‘കര്‍മ്മപദ്ധതി’ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മകന്റെ അറസ്‌റ്റോടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ പ്രതിപക്ഷ പാളയത്തിലെത്തുമെന്ന് മുന്‍കൂട്ടി കണ്ടു കൊണ്ടുകൂടിയാണ് ഈ തന്ത്രപരമായ നീക്കം ബി.ജെ.പി ഇപ്പോള്‍ നടത്തുന്നത്. മോദി അനുകൂലികളായ അക്ഷയകുമാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ അടുത്ത തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കാനാണ് പാര്‍ട്ടിയിലെ ആലോചന. ഷാരൂഖ് പ്രതിപക്ഷ പാളയത്തിലെത്തുന്നത് തടയാന്‍ സല്‍മാന്‍ഖാനെ തന്നെ രംഗത്തിറക്കാനും ബി.ജെ.പി നേതൃത്വം നീക്കങ്ങള്‍ നടത്തുന്നുണ്ട്.
മോദിയുമായും ബി.ജെ.പി നേതൃത്വവുമായും ഏറെ അടുപ്പമുള്ള താരമാണ് സല്‍മാന്‍ഖാന്‍. ആര്യന്‍ഖാന്‍ അറസ്റ്റിലായപ്പോള്‍ ആദ്യം ഷാരൂഖിന്റെ വീട്ടില്‍ എത്തിയതും സല്‍മാന്‍ഖാനായിരുന്നു. ഈ വിഷയത്തില്‍ മഹാരാഷ്ട്ര ഭരണകൂടവും ഷാരൂഖിനൊപ്പമാണ്. ഒരു സംസ്ഥാന മന്ത്രി തന്നെ പരസ്യമായാണ് ആര്യന്‍ഖാനു വേണ്ടി രംഗത്തിറങ്ങിയിരുന്നത്. ആര്യനെ അറസ്റ്റു ചെയ്ത എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കെഡെയ്‌ക്കെതിരെ ഗുരുതര ആരോപണമാണ് മന്ത്രി നവാബ് മാലിക്ക് ഉയര്‍ത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണ ചുമതലയില്‍ നിന്നും വാങ്കെഡെയെ ഇപ്പോള്‍ മാറ്റിയിട്ടുണ്ടെങ്കിലും ഷാരൂഖിന്റെ കോപം ക്ഷമിച്ചിട്ടില്ല. പുതിയ അന്വേഷണ സംഘത്തെയും ഷാരൂഖിന്റെ കുടുംബം ആശങ്കയോടെ തന്നെയാണ് വീക്ഷിക്കുന്നത്.
ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നത്. മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളും പിടികൂടിയിരുന്നു. തുടര്‍ന്ന്, മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയ ആര്യന്‍ ഖാനെ ഒക്ടോബര്‍ 28നാണ് ബോംബെ ഹൈക്കോടതി ജാമ്യത്തില്‍ വിട്ടിരുന്നത്. നടി ജൂഹി ചൗളയാണ് ആര്യന് ജാമ്യം നിന്നിരുന്നത്. ആര്യനെ ട്രാപ്പിലാക്കിയതാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ശക്തമായി വാദിക്കുന്നത്.
കേന്ദ്ര ഏജന്‍സിയാണ് എന്‍.സി.ബി എന്നതിനാല്‍ ഒരിക്കലും ആര്യന് നീതി കിട്ടില്ലന്നതാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് ഉള്‍പ്പെടെ ഉള്ളവരുടെയും നിലപാട്. എന്‍.സി.പി നേതാവായ ഈ മന്ത്രിയുടെ പ്രതികരണം ശരദ് പവാറിന്റെ അറിവോടെയാണെന്നാണ് ബി.ജെ.പി നേതൃത്വം സംശയിക്കുന്നത്. ഷാരുഖ് എന്ന വലിയ താരത്തിന്റെ പിന്തുണ എന്‍.സി.പി, കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ മാത്രമല്ല ശിവസേനയും, ശരിക്കും ആഗ്രഹിക്കുന്നുണ്ട്.
‘രാജ്യം ഷാരൂഖിനും കുടുംബത്തിനും ഒപ്പമുണ്ടെന്നാണ് രാഹുല്‍ ഗാന്ധി, ഷാരൂഖിന് എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത് … രാഹുല്‍ ഷാരൂഖ് ഖാനെ ‘റാഞ്ചാനാണ് ‘ ഇത്തരം ഒരു കത്തെഴുതിയതെന്നാണ് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നത്. അതു കൊണ്ട് തന്നെയാണ് ബദല്‍ സംവിധാനവും ദ്രുതഗതിയില്‍ തന്നെ ഏര്‍പ്പാടാക്കുന്നത്. ബോളിവുഡ് താരങ്ങളെ മാത്രമല്ല രാജ്യത്തെ ജനപ്രീതിയുള്ള പ്രധാന താരങ്ങളെ എല്ലാം ഒപ്പം നിര്‍ത്താനാണ് കാവിപ്പടയുടെ പദ്ധതി. പ്രത്യക്ഷമായല്ലെങ്കില്‍, പരോക്ഷമായാണെങ്കില്‍ പോലും നരേന്ദ്രമോദിക്ക് താരങ്ങളുടെ പിന്തുണ ഉറപ്പിക്കാനാണ് നീക്കം നടക്കുന്നത്.
അക്ഷയകുമാര്‍, സല്‍മാന്‍ ഖാന്‍, സണ്ണി ഡിയോള്‍, ജോണ്‍ എബ്രഹാം, അജയ് ദേവ്ഗണ്‍, പരേഷ് റവാല്‍, വിവേക് ഒബ്‌റോയ്, കങ്കണ റണാവത്ത് തുടങ്ങിയവര്‍ക്കൊപ്പം, ബംഗാളി, ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരങ്ങളെയും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. തമിഴ് നാട്ടില്‍ രജനീകാന്ത് മുഖം തിരിച്ചു നില്‍ക്കുന്നതിനാല്‍ ‘തല’ അജിത്ത്, വിക്രം എന്നിവരെയാണ് പ്രധാനമായും നോട്ടമിട്ടിട്ടുള്ളത്. അതേസമയം ദളപതി വിജയ് ലോകസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ഇറക്കിയാല്‍ അത് തമിഴകത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വെല്ലുവിളിയാകും. അടുത്തയിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച വിജയ് ആരാധകരില്‍ ബഹുഭൂരിപക്ഷവും വിജയിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിട്ടുണ്ട്.
ബി.ജെ.പിയുടെ ശത്രുവായാണ് പൊതുവെ വിജയ് വിലയിരുത്തപ്പെടുന്നത്. ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സുമായി സഖ്യമാകുന്നതിനാണ് ബി.ജെ.പിയുടെ പ്രഥമ പരിഗണന. പവര്‍സ്റ്റാര്‍ പവന്‍ കല്യാണ്‍, മഹേഷ് ബാബു, പ്രഭാസ് എന്നിവരെയും ബി.ജെ.പിക്ക് അനുകൂലമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തെലങ്കാന കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം. കര്‍ണ്ണാടകത്തില്‍ യാഷ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളിലാണ് ബി.ജെ.പിയുടെ നോട്ടം. കേരളത്തില്‍ സുരേഷ് ഗോപി ഒപ്പമുണ്ടെങ്കിലും മോഹന്‍ലാലിനായി ഇനിയും ശ്രമം തുടരും. ഇക്കാര്യത്തിനായി വീണ്ടും ആര്‍.എസ്.എസ് നേതാക്കളെ സമീപിക്കാനാണ് ആലോചന. ലോകസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റാണ് ബി.ജെ.പി ഇത്തവണ പ്രതീക്ഷിക്കുന്നത്.
അതേസമയം, ബോളിവുഡ് താരം കങ്കണ റണാവത്ത് ഉള്‍പ്പെടെ ഉള്ള താരങ്ങള്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബി.ജെ.പിയുടെ മാത്രമല്ല ആര്‍.എസ്.എസിന്റെയും ഗുഡ് ബുക്കിലാണ് കങ്കണ നിലവിലുള്ളത്. അവരുടെ പല പരാമര്‍ശങ്ങളും ഇതിനകം തന്നെ വന്‍ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കങ്കണ പറയുന്നത്, ”നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ് ” സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ ‘ടൈംസ് നൗ’ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണ ഇത്തരമൊരു പ്രതികരണം നടത്തിയിരുന്നത്.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്….. ‘1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല ‘ഭിക്ഷയായിരുന്നു’ എന്നതാണ് കങ്കണയുടെ വാദം. ബോളിവുഡ് താരങ്ങള്‍ ഇത്തരം കടുത്ത പ്രയോഗങ്ങള്‍ നടത്തുന്നതിനെ രാഷ്ട്രീയ നിരീക്ഷകരും അമ്പരപ്പോടെയാണ് നോക്കി കാണുന്നത്. കേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്നാം ഊഴം ലക്ഷ്യമിടുന്ന ബി.ജെ.പി ബോളിവുഡിലും ‘കളി’ തുടങ്ങിയതായാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
EXPRESS KERALA VIEW