ആന്ധ്രയിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് സമീപം കറുത്ത ബലൂണുകൾ

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിന് സമീപം കറുത്ത ബലൂണുകൾ. വിജയവാഡയിലെ ഗന്നവാരം വിമാനത്താവളത്തിൽ പറന്നുയർന്ന ഉടൻ പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്ററിന് സമീപത്താണ് ബലൂണുകൾ കാണപ്പെട്ടത്. ഇത് സുരക്ഷ വീഴ്ചയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സുരക്ഷാ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും എയർപോർട്ടിൽ നിന്ന് 4.5 കിലോമീറ്റർ അകലെ രണ്ട് ബലൂണുകൾ ഉയർന്നത് എന്നാണ് ആന്ധ്ര പൊലീസ് പറയുന്നത്. പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്റർ പറന്നുയർന്ന വിമാനത്താവളത്തിൽ ചില കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചിരുന്നു. കറുത്ത ബലൂണുകളും പ്ലക്കാർഡുകളും പിടിച്ച് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് മുദ്രാവാക്യം വിളിക്കുന്നതായിരുന്നു ഇവർ.

നാല് കോൺഗ്രസ് പ്രവർത്തകരാണ് ബലൂൺ പറത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇതിൽ മൂന്നുപേരെ പൊലീസ് പിടികൂടിയെന്നാണ് വിവരം. കറുത്ത ബലൂണുകൾ കാണിച്ച് പ്രധാനമന്ത്രി മോദിക്കെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു.

Top