ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ രംഗത്ത്. പാർലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്ന്. ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതായായ രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തി. ഉദ്ഘാടനത്തിന് തെരഞ്ഞെടുത്ത ദിനം തന്നെ തെറ്റാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
എന്തുകൊണ്ട്, അംബേദ്കറുടെയോ, മഹാത്മാ ഗാന്ധിയുടേയോ ഓർമ്മ ദിനങ്ങൾ തെരഞ്ഞെടുത്തില്ല ? സവർക്കറുടെ ദിനം തന്നെ തെരഞ്ഞെടുത്തതിൽ സവർണ വർഗീയ അജണ്ടയുണ്ട്. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളോട് ബി ജെ പി ക്ക് ബഹുമാനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിനെന്ന് ആർജെഡി പരിഹസിച്ചു.
വിമർശനവുമായി സമാജ് വാദി പാർട്ടിയും രംഗത്തെത്തി. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തി. പ്രോട്ടോകോൾ ലംഘനം അപമാനകരമെന്നും എസ്പി കുറ്റപ്പെടുത്തി. അതേസമയം ഇന്ത്യക്കിത് അഭിമാനത്തിന്‍റേയും പ്രതിക്ഷയുടേയും ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
As the new building of India’s Parliament is inaugurated, our hearts and minds are filled with pride, hope and promise. May this iconic building be a cradle of empowerment, igniting dreams and nurturing them into reality. May it propel our great nation to new heights of progress. pic.twitter.com/zzGuRoHrUS
— Narendra Modi (@narendramodi) May 28, 2023
പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അധികാരകൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാനമന്ത്രി തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. ഹൈന്ദാവാചാര പ്രകാരം ചടങ്ങ് നടന്നതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.സംസ്കൃതത്തിലും തമിഴിലുമുള്ള മന്ത്രച്ചാരണം, നാദസ്വരവും തവിലുമായി വാദ്യഘോഷം. രണ്ട് വര്‍ഷവും അഞ്ച് മാസവും 18 ദിവസങ്ങളും കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയായ പാര്‍ലെമന്റ് മന്ദിരത്തിലേക്ക് പൂര്‍ണ്ണകുംഭം നല്‍കിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രധാനസ്ഥാനത്തിരുന്ന് പൂജാ ചടങ്ങുകളില്‍ മോദി പങ്കെടുത്തു.
അധികാരകെമാറ്റത്തിന്റെ പ്രതീകമായ ചെങ്കോലിെന സാഷ്ടാംഗം നമസ്കരിച്ചു പ്രധാനമന്ത്രി. തിരുവാവാട് തുറൈ അധികാരത്തിലേതടക്കം പൂജാരി സംഘം കൈമാറിയ ചെങ്കോലുമായി പാര്‍ലമെന്റ് മന്ദിരത്തിലേക്ക്. ലോക്സഭയില്‍ കടന്ന പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തിന് വലത് വശത്തായി ചെങ്കോല്‍ സ്ഥാപിച്ചു. നിലവിളക്ക് തെളിച്ചു. ഫലകം അനാച്ഛാദനം ചെയ്ത് പാര്‍ലമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പിന്നാലെ സര്‍വമത പ്രാര്‍ത്ഥന. പ്രധാനമന്ത്രിയും ലോക്സഭ സ്പീക്കറും മന്ത്രിമാരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.