Black flag -CPM-Oommen chandy

കോഴിക്കോട്: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കോഴിക്കോട് സന്ദര്‍ശനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നഗരത്തില്‍ സിപിഎം ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം.

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനോടൊപ്പം സഞ്ചരിച്ച മുഖ്യമന്ത്രിക്കുനേരെയാണ് കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് ജംക്ഷനില്‍ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

നേരത്തെ വാഹനം ഇതുവഴി വരുന്നതറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ബൈപ്പാസിലേക്ക് മാര്‍ച്ച് നടത്തി. നടക്കാട് എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകന്‍ കരിങ്കൊടി വീശുകയായിരുന്നു.

ഇതിനിടയില്‍ ഒരു പ്രവര്‍ത്തകന്‍ പൊലീസുകാരനായ അനൂപ് ആനന്ദിന്റെ കൈയ്ക്കുപിടിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇതോടെ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമായി. സിപിഎം നേതാക്കളായ കെ. ദാമോദരന്‍, മുന്‍ മേയര്‍ എ കെ പ്രേമജം, സി പി മുസാഫിര്‍ അഹമ്മദ്, ലക്ഷമണന്‍ എന്നിവര്‍ പ്രവര്‍ത്തകരെ ശാന്തരാക്കി.

Top