കരിങ്കൊടി പ്രതിഷേധം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കനത്ത സുരക്ഷ തുടരും

കോഴിക്കോട്: കോഴിക്കോട് ഇന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധത്തിന് സാധ്യത. കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ തുടരും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ ചടങ്ങാണ് ഇന്ന് ഗവര്‍ണറുടെ ഏക പരിപാടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസ് മുതല്‍ കോഴിക്കോട് നഗരത്തിലെ വിവാഹ ചടങ്ങില്‍ എത്തുന്നതുവരെയും തിരിച്ചുമുള്ള വഴിയില്‍ ശക്തമായ പൊലീസ് സംരക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുത്ത ശേഷം രാത്രി ഗവര്‍ണര്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാത്രി ദേശീയപാത ഉപരോധിച്ചു. ജനറല്‍ ആശുപത്രി ജങ്ഷനില്‍ പ്രവര്‍ത്തകര്‍ അരമണിക്കൂറോളം റോഡ് ഉപരോധിക്കുകയും ഗവര്‍ണറുടെ കോലം കത്തിക്കുകയും ചെയ്തു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പൊലീസിന്റെ വന്‍ സുരക്ഷ വലയത്തിലാണ് ഗവര്‍ണര്‍ കരിപ്പൂരില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെത്തിയത്. എന്നാല്‍ യാത്രക്കിടയില്‍ ഒരു പ്രതിഷേധവും ഗവര്‍ണര്‍ക്ക് നേരെ ഉണ്ടായില്ല. എസ്ഐയുടെ പ്രതിഷേധത്തെ പരിഹസിച്ച ആരിഫ് മുഹമ്മദ് ഖാന്‍ താന്‍ ഒന്നിനെയും ഭയക്കുന്നില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രി വാടകക്ക് എടുത്ത ക്രിമിനലുകളാണ് പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രി വരുന്നത് പരസ്പരം കൊല്ലുന്നവരുടെ നാട്ടില്‍ നിന്നെന്ന് പറഞ്ഞായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനം.

 

Top