രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഇത് വരെ 219 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്നുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം രണ്ടായിരത്തില്‍പരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ 197 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.

കര്‍ണാടക, ഉത്തരാഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകളില്‍ വര്‍ധനയുണ്ട്. ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നായ അംഫോടെറിസിന്‍ബി നിര്‍മ്മിക്കാന്‍ രാജ്യത്തെ 5 മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. ജൂലൈ മുതല്‍ പ്രതിമാസം 1,11,000 വയല്‍ മരുന്നുകള്‍ കമ്പനികള്‍ നിര്‍മ്മിക്കും.

ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്നറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചത്.

Top