കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകള്‍ ആണ് ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു; സയനോര

ബോഡിഷെയിമിങ്ങിനേക്കുറിച്ച് നിരന്തരം സംസാരിക്കാറുള്ള ഗായികയാണ് സയനോര ഫിലിപ്പ്. തന്റെ നിലപാട് തുറന്നുപറയുന്നതില്‍ നിന്ന് സയനോര ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യാറില്ല. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ഥിരമായി സാമൂഹികമാധ്യമത്തില്‍ സദാചാര ആക്രമണത്തിന് ഇരയാകുന്ന താരമാണ് സയനോര. കഴിഞ്ഞദിവസവും പങ്കുവെച്ച വീഡിയോക്കുകീഴെയും നിരവധി നെഗറ്റീവ് കമന്റുകള്‍ നിറഞ്ഞിരുന്നു. സയനോരയ്ക്കു ചേരുന്ന വസ്ത്രധാരണമല്ലെന്നും പറഞ്ഞായിരുന്നു മോശം കമന്റുകള്‍ നിറഞ്ഞത്. ഇതോടെയാണ് കമന്റ് ബോക്‌സിലൂടെ തന്നെ അത്തരക്കാര്‍ക്ക് മറുപടിയുമായി സയനോര എത്തിയത്. ഇത് തന്റെ ജീവിതവും ശരീരവും വഴിയുമാണെന്നും ഇവിടുന്ന് ഒഴിഞ്ഞുതന്നാല്‍ നന്ദി ഉണ്ടായിരിക്കുമെന്നുമാണ് സയനോര കുറിച്ചത്.

തന്റേത് കറുത്ത കാലുകള്‍ ആണെങ്കില്‍ അതില്‍ താന്‍ അഭിമാനം കൊള്ളുന്നുണ്ടെന്നും ഇനിയും കാണിക്കുമെന്നും സയനോര പറഞ്ഞു. ആരേയും നിര്‍ബന്ധിച്ച് പിടിച്ചുനിര്‍ത്തിയിട്ടില്ലെന്നും പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാകാത്തവരാണെങ്കില്‍ ഈ പേജ് അവര്‍ക്കുള്ളതല്ലെന്നും സയനോര കുറിച്ചു.

സയനോരയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം

ഈ പേജില്‍ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ത്ഥന. എന്റെ ജീവിതം,എന്റെ വഴി , എന്റെ ശരീരം ! ഇവിടുന്നു ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്ക് ഇല്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകള്‍ ആണ്.! ഞാന്‍ ഇതില്‍ അഭിമാനം കൊള്ളുന്നു, ഇനിയും കാണിക്കുന്നത് ആയിരിക്കും. നിങ്ങള്‍ എന്ത് എന്നെ കുറിച്ച് വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല . Live and let live ! ഇതിന്റെ അര്‍ത്ഥം മനസ്സിലാകാത്ത ഒരാള്‍ ആണ് നിങ്ങള്‍ എങ്കില്‍ ഈ പേജ് നിങ്ങള്‍ക്ക് ഉള്ളതല്ല

Top