കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത പൂജാരി അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി ഒതയോത്താണ് സംഭവം നടന്നത്. തെയ്യം വേഷം കെട്ടി കല്‍പ്പന പറയുന്ന ചാത്തന്‍ ബിജു എന്നറിയപ്പെടുന്ന ബിജു ടി കെ, കൊയിലാണ്ടിയാണ് സ്വദേശിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്.
സാമ്പത്തിക പ്രയാസം മാറുന്നതിനായുള്ള പൂജ ചെയ്യാനാണ് ഇവര്‍ തമ്മില്‍ പരിചയത്തിലാകുന്നത്. തുടര്‍ന്ന് ആ ബന്ധം വളരുകയും ഈ സ്ത്രീ ഇയാളോടൊപ്പം ഇറങ്ങി പോവുകയുമായിരുന്നു. ഇത് സംബന്ധിച്ച കേസ് കൊയിലാണ്ടി കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കൊട്ടാരക്കര, ചൂലൂര്‍ എന്നിവിടങ്ങളില്‍ വച്ച് ഇയാള്‍ സ്ത്രീയെ പ്രലോഭിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ഇവരുടെ പക്കലുള്ള സ്വര്‍ണം വില്‍പ്പന നടത്തുകയും ചെയ്തു.
ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ ഈ സ്ത്രീ വീട്ടുകാരെ വിവരം അറിയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നിലവില്‍ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായ ബിജുവിന് ഭാര്യയും മക്കളും ഉണ്ട്. ഈ സ്ത്രീക്കും രണ്ട് മക്കളാണ് ഉള്ളത്, ഭര്‍ത്താവ് വിദേശത്താണ്.