കൊച്ചി: നടിയെ ബ്ലാക്ക് മെയിലിംഗ് കേസില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ക്ക് ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി ശരത്, അഞ്ചാം പ്രതി അബൂബക്കര്‍, ആറാം പ്രതി ഹാരിസ് എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. ഒരുലക്ഷം രൂപ കെട്ടിവെക്കുകയും പ്രതികള്‍ കേരളം വിട്ട് പോകുകയും ചെയ്യരുത്.
പാസ്‌പോര്‍ട്ട് പിടിച്ച് വെക്കുകയും ചെയ്യും. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ എല്ലാ തിങ്കളാഴ്ച്ചയും വെള്ളിയാഴ്ചയും പ്രതികള്‍ ഹാജരാകണം. അതേസമയം ഷംന കാസിമിന്റെ വീട്ടില്‍ സിനിമ നിര്‍മ്മാതാവിന്റെ പേരില്‍ എത്തിയ ആളും വ്യാജനെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ പന്തല്‍ പണിക്കാരന്‍ രാജുവാണ്, ജോണി എന്ന നിര്‍മ്മാതാവായി വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ജൂണ്‍ 20 നാണ് ഷംന കാസിമിന്റെ വീട്ടില്‍ നിര്‍മ്മാതാവെന്ന് പരിചയപ്പെടുത്തി രാജു എത്തിയത്. സിനിമ നിര്‍മ്മാതാവ് ജോണി എന്നായിരുന്നു ഷംന കാസിമിന്റെ ഉമ്മയോട് സ്വയം പരിചയപ്പെടുത്തിയത്. ഷംന വിളിച്ചിട്ടാണ് വീട്ടിലെത്തിയതെന്നും അറിയിച്ചു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ഷംന കാസിമിനെ ഫോണില്‍ വിളിച്ച് കാര്യം തിരിക്കയപ്പോഴാണ് ആരോടും വരാന്‍ ആവശ്യപ്പെട്ടില്ലെന്ന വിവരം ലഭിച്ചത്. ഇതോടെ ഇയാള്‍ സ്ഥലം വിട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജോണി എന്ന നിര്‍മാതാവിന്റെ പേരില്‍ എത്തിയത് കോട്ടയം സ്വദേശി രാജുവാണെന്ന് മനസ്സിലായത്.