കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കും പി.തിലോത്തമന്‍

തിരുവനന്തപുരം: കേരളം പ്രളയദുരന്തത്തില്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നു മന്ത്രി പി.തിലോത്തമന്‍.

കരിഞ്ചന്തയും പൂഴ്ത്തിവയ്പും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ വ്യാപാരികളുടെയും ലോറി ഉടമകളുടെയും സംഘടനാ പ്രതിനിധികളും സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും ഇന്ധന കമ്പനികളുടെയും പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി.

മാത്രമല്ല, പൂഴ്ത്തിവയ്പും കരിഞ്ചന്തയും നടത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പും ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് കലക്ടറേറ്റില്‍ വിവരം അറിയിക്കാം, ഇത് കണ്ടെത്താന്‍ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടന്നു വരുന്നു. ഇത്തരക്കാരുടെ കടകളിലെയും ഗോഡൗണുകളിലെയും സാധനങ്ങള്‍ കണ്ടുകെട്ടാനും നടപടി സ്വീകരിക്കും.

മുടങ്ങിക്കിടക്കുന്ന ചരക്കുനീക്കം മൂന്നു ദിവസത്തിനകം സാധാരണഗതിയിലാകും. കോണ്‍വോയ് അടിസ്ഥാനത്തിലാകും ചരക്കുനീക്കം. ഇതിന് പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹായവും ഉണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സംസ്ഥാനത്ത് ഇതിനോടകം കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും നടത്തിയ വ്യാപാരികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

എറണാകുളം ജില്ലയില്‍ വ്യാപക റെയ്ഡ് നടന്നു. ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 22 പച്ചക്കറി, പലവ്യഞ്ജന വ്യാപാരികള്‍ക്കെതിരെ നടപടി എടുത്തു. വില കൂട്ടി വില്‍ക്കുക, പായ്ക്കറ്റുകളില്‍ പതിച്ച വിലയില്‍ കൃത്രിമം നടത്തുക തുടങ്ങിയ ക്രമക്കേടുകളാണു ഇവരില്‍ നിന്നും കണ്ടെത്തിയത്.

കോട്ടയം ജില്ലയില്‍ 17 കടകള്‍ക്കെതിരെ കേസ് എടുത്തു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതും അമിത വില ഈടാക്കിയതുമായ കടകള്‍ക്കെതിരെയാണ് കേസ്. അളവ് തൂക്ക വിഭാഗം നടത്തിയ പരിശോധനയില്‍ കോട്ടയം താലൂക്കില്‍ അളവില്‍ കൃത്രിമം കാണിച്ചത് കണ്ടെത്തിയ അഞ്ചു കടകള്‍ക്കെതിരെയും കവര്‍പാലിനു വിലകൂട്ടി വിറ്റ സംഭവത്തില്‍ വൈക്കത്ത് ഒരു കടയ്‌ക്കെതിരെയും കേസെടുത്തു.

Top