കള്ളപ്പണവും വിവരമോഷണവും തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ഭീഷണിയെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കള്ളപ്പണം, വിവരമോഷണം, വ്യാജവാര്‍ത്തകള്‍ എന്നിവയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രധാന ഭീഷണിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തടയിടാന്‍ കൃത്യമായ നിയമങ്ങള്‍ ഇന്ത്യയിലില്ലാത്തതും വലിയ പ്രശ്‌നമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള സംവിധാനങ്ങള്‍ വലിയ ഭീഷണിയുയര്‍ത്തുന്നുണ്ട്.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒ.പി റാവത്താണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നേതൃത്വവും ജനങ്ങളും തമ്മില്‍ നടത്തുന്ന നിയമപരമായ പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. അതിന് വിഘാതമാകുന്ന കാര്യങ്ങള്‍ തുടച്ചുമാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ സംവിധാനത്തോട് തന്നെ വിദ്വേഷമുള്ളവരായി മാറും. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് വഴി തെറ്റായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജനങ്ങളില്‍ എത്തുന്നു. അത് തെറ്റിദ്ധാരണകളിലേക്കും മോശം തീരുമാനങ്ങളിലേക്കും നയിക്കും. വിവര മോഷണം ആശയ വിനിമയത്തെ മാത്രമല്ല, അഭിപ്രായ രൂപീകരണത്തെയും വിശ്വാസ്യതയെയും ഇല്ലാതാക്കുമെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

കേംബ്രിഡ്ജ് അനലറ്റിക്ക പോലുള്ള ആളുകളുടെ കടന്നു കയറ്റവും വ്യാജ വാര്‍ത്തകളും ഇല്ലാതാക്കാന്‍ എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങള്‍ തടയുക അത്ര എളുപ്പമല്ല. തെരഞ്ഞെടുപ്പ് സമയത്തെ പണമിടപാട് സംബന്ധിച്ചതാണ് മറ്റൊരു പ്രശ്‌നം. ഇതിനെ വേണ്ട വിധം നിരീക്ഷിക്കാനും നടപടിയെടുക്കാനും രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ അപര്യാപ്തമാണ്. പ്രചരണങ്ങള്‍ക്കിടയില്‍ നിരവധി കൈക്കൂലികളും മറ്റും നടക്കുന്നുണ്ടെന്നും ഇത് കണ്ടെത്തുക ശ്രമകരമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ മാധ്യമങ്ങള്‍ തടയണമെന്നും റാവത്ത് നിര്‍ദ്ദേശിച്ചു. 2019ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജവാര്‍ത്ത തടയുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു കഴിഞ്ഞു. ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ് ആപ്പ് തുടങ്ങിയവയെ പെയ്ഡ് ന്യൂസിന്റെ പരിധിയില്‍ കൊണ്ടു വരാനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതു വരെ ഇടക്കാല നിയന്ത്രണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ക്ക് കൊണ്ട് വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു.

Top