തിരുവനന്തപുരം: കള്ളപ്പണ വേട്ടക്കിറങ്ങി ഇന്‍കംടാക്‌സ്-എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍.
1000-500 രൂപാ നോട്ടുകള്‍ മരവിപ്പിച്ചതോടെ വെട്ടിലായ കള്ളപ്പണക്കാര്‍ തന്ത്രം മെനഞ്ഞ് ‘വെളുപ്പിക്കാന്‍’ നീക്കം നടത്തുമെന്ന് കണ്ടാണ് ഇന്‍കംടാക്‌സ് -എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ജാഗ്രത പുലര്‍ത്തുന്നത്.
സംസ്ഥാന പൊലീസും റവന്യു ഇന്റലിജന്‍സ് അധികൃതരും ഇക്കാര്യത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വന്‍കിട ബിസിനസ്സുകാര്‍ വഴി കള്ളപ്പണം മാറ്റിയെടുക്കാന്‍ വ്യാപക ശ്രമം നടക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സികള്‍.
വാഹന പരിശോധന ശക്തമാക്കാന്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ ബിസിനസ്സ് നടക്കുന്ന സ്ഥാപനങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ സാമ്പത്തിക ഇടപാട് നടന്നതായി തെളിഞ്ഞാല്‍ പിടിവീഴും. സമഗ്രമായ പരിശോധനയായിരിക്കും ഇവിടെ നടക്കുക.
ബാങ്കുകളില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്രോതസ്സ് വെളിപ്പെടുത്താതെ ബാങ്കുകളില്‍ നോട്ടുകള്‍ നിക്ഷേപിച്ചാല്‍ നികുതിയുടെ 200 ശതമാനം പിഴ ഈടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ രണ്ടരലക്ഷം രൂപയില്‍ അധികം നിക്ഷേപിക്കുന്നവര്‍ ഇന്‍കംടാക്‌സിന്റെ നോട്ടപ്പുള്ളികളാവും.
കള്ളപ്പണക്കാര്‍ക്കെതിരെ നികുതി വെട്ടിപ്പിന് കേസെടുക്കാനാണ് നിര്‍ദ്ദേശം.
ആളുകളെ കൂട്ടത്തോടെ ‘സംഘടിപ്പിച്ച്’ രണ്ടര ലക്ഷം രൂപ വീതം നല്‍കി മാറ്റി വാങ്ങാനുള്ള നീക്കമുണ്ടോയെന്ന കാര്യവും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്‍കംടാക്‌സ്-എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ‘പണി’യാണ് കിട്ടിയിരിക്കുന്നത്.
വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകളില്‍ പോലും നടക്കുമെന്നതിനാല്‍ ഇക്കാര്യങ്ങളില്‍ പരിശോധന നടത്താന്‍ തന്നെ വളരെ പ്രയാസകരമാണ്.
ഇതിനാവശ്യമായത്ര ജീവനക്കാരും ഉദ്യോഗസ്ഥരും ഇപ്പോള്‍ ഇന്‍കംടാക്‌സ് – എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലില്ല, ഉള്ളവരെ വച്ച് പരിശോധന നടത്തുന്നതിന് കാലതാമസവുമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.
ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുകയുടെ വിശദാംശങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമെന്നതിനാല്‍ മറ്റ് ‘തടസ്സങ്ങള്‍’ ഒന്നും ഇല്ലെന്നതാണ് ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഏക ആശ്വാസം.