കള്ളപ്പണം: പ്രമുഖ നിര്‍മ്മാതാവിനെ ഇ.ഡി. ചോദ്യം ചെയ്തു

കൊച്ചി: മലയാള സിനിമാ മേഖലയിലും കള്ളപ്പണമെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം തുടങ്ങി. മലയാളത്തിലും തമിഴിലും ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ച വ്യക്തിയെ ഇ.ഡി. അന്വേഷണ സംഘം ചോദ്യംചെയ്തു. ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ഇയാളുള്‍പ്പെടെ ആറ് നിര്‍മാതാക്കള്‍ ഇ.ഡി.യുടെയും ആദായനികുതി വകുപ്പിന്റെയും നിരീക്ഷണത്തിലാണ്. കഴിഞ്ഞവര്‍ഷം ഇവരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു.

മലയാള സിനിമാനിര്‍മാണത്തിന് വിദേശത്ത് നിന്നും പണമൊഴുകുന്നതില്‍ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചിട്ടുണ്ടോ എന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. അടുത്തകാലത്ത് വലിയ മുതല്‍മുടക്കില്‍ സിനിമയെടുത്ത നിര്‍മാതാക്കളാണ് നിരീക്ഷണത്തിലുള്ളത്. ഇത്തരത്തില്‍ ഒരു നിര്‍മാതാവിനെയാണ് രണ്ടു ദിവസമായി കൊച്ചി ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. കേസ് രജിസ്റ്റര്‍ ചെയ്‌തോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇ.ഡി. വെളിപ്പെടുത്തിയിട്ടില്ല.

നേരത്തേ ബിനാമികളെ നിര്‍മാതാക്കളാക്കി അവതരിപ്പിച്ച് മലയാളസിനിമയിലേക്ക് കള്ളപ്പണം ഒഴുകുന്നുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇറങ്ങുന്ന സിനിമകള്‍ സാമ്പത്തിക വിജയം നേടാഞ്ഞിട്ടും പണം മുടക്കാന്‍ നിര്‍മാതാക്കള്‍ എത്തുന്നതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. നിര്‍മാതാക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അറിയുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരേയും ചോദ്യംചെയ്‌തേക്കും.

Top