ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ കണക്കെടുപ്പില്‍ പ്രധാനമന്ത്രിയുടേത് വെറും പ്രസംഗം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം, വിദേശത്ത് നിന്ന് തിരികെ കൊണ്ടു വന്ന പണത്തെക്കുറിച്ചും രേഖകളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ 15 ദിവസത്തിനകം നല്‍കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനോട് നിര്‍ദ്ദേശിച്ചു.
കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്തിരുന്ന നിലപാട്. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും തള്ളുന്നതാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ തീരുമാനം. 2014ല്‍ അധികാരത്തില്‍ വന്നപ്പോള്‍ കള്ളപ്പണം പൂര്‍ണ്ണമായും ഇല്ലാതാക്കും എന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രധാന പ്രഖ്യാപനം. എന്നിട്ട് അതില്‍ നിന്നും 15 ലക്ഷം രൂപ വീതം ഓരോ പൗരന്റെയും അക്കൗണ്ടിലേയ്ക്ക് നല്‍കുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. മന്‍ കി ബാത്തിലൂടെ അദ്ദേഹം ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു.
എന്നാല്‍ ഇക്കാര്യങ്ങളില്‍ നടപടികള്‍ ഉണ്ടാകാത്തതിനാല്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ സജ്ഞീവ് ചൗധരി വിവരങ്ങള്‍ ആരാഞ്ഞു കൊണ്ട് അപേക്ഷ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ആര്‍.കെ മാതുര്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് മാക്‌സസെ അവാര്‍ഡ് ലഭിച്ച ആളാണ് ചതുര്‍വ്വേദി. കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനായി പ്രധാനമന്ത്രി യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് അപേക്ഷയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിവിധ കമ്പനികളുടെ വിവരങ്ങള്‍ അവര്‍ തന്നെ സാക്ഷിപ്പെടുത്തിയന്റെ പകര്‍പ്പുകളും ലഭിക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ജെപി നഡ്ഡ അടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ നടന്നിട്ടുള്ള കള്ളപ്പണ കേസുകളുടെ വിശദാംശങ്ങളും വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ വ്യത്യസ്ത പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും നല്‍കണമെന്ന് സഞ്ജയ് ചതുര്‍വേദിയുടെ വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാനും അതാത് മന്ത്രാലയങ്ങള്‍ക്ക് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. വിവിധ സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പുകളും ലോകസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം ബിജെപിയെ പ്രതിരോധത്തിലാക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.