വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന് പൊലീസ് മേധാവി

sticker

തിരുവനന്തപുരം: വീടുകളിലെ ജനാലകളിലും ഭിത്തികളിലും കറുത്ത സ്റ്റിക്കര്‍ പതിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

‘ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. എല്ലാ സ്റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമാണിതിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിന് മുമ്പും ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ കൂടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിന്റെതെന്ന നിലയില്‍ ഈ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. തൊട്ടടുത്ത ദിവസം വീടുകളില്‍ ഇവ കണ്ടതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരായി പൊലീസില്‍ അറിയിക്കുകയായിരുന്നു.

ആണ്‍കുട്ടികളുള്ള വീടുകളിലാണ് സ്റ്റിക്കറുകള്‍ പതിച്ചിട്ടുള്ളത്. ഒരു വീടിന്റെ ചുവരില്‍ കറുത്ത മഷികൊണ്ട് നക്ഷത്ര ചിഹ്നവും അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ രീതിയില്‍ ഇത്തരം സ്റ്റിക്കറുകള്‍ കണ്ടെത്തിയത് എങ്ങനെയെന്നത് പൊലീസിനെയും കുഴക്കിയിട്ടുണ്ട്. ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ ആരെങ്കിലും ചെയ്യുന്നതാകുമെന്നാണ് പൊലീസിന്റെ നിഗമനം.

Top