പണം തട്ടാന്‍ ശ്രമിച്ചവര്‍ വിവാഹാലോചനയുമായാണ് വീട്ടിലെത്തിയത്‌

കൊച്ചി: ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചവര്‍ വിവാഹാലോചനയുമായാണ് വീട്ടിലെത്തിയതെന്ന വെളിപ്പെടുത്തലുമായി നടി ഷംന കാസിം.

പണം നല്‍കിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് വരെ ഭീഷണിപ്പെടുത്തിയെന്നും നടി വെളിപ്പെടുത്തി. കേസില്‍ ഇനിയും രണ്ട് പേര്‍ കൂടി പിടിയിലാവാനുണ്ടെന്നും കോഴിക്കോട് സ്വദേശികളാണെന്നാണ് പ്രതികള്‍ പരിചയപ്പെടുത്തിയതെന്നും നടി വ്യക്തമാക്കി.

അതേസമയം, നടിയുടെ കുടുംബത്തില്‍ നിന്ന് ഒരു ലക്ഷം രൂപ പ്രതികള്‍ അപഹരിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രതികള് കുടുംബവുമായി ഒരാഴ്ചയ്ക്കുള്ളില്‍ നല്ല ബന്ധം സ്ഥാപിച്ചെന്നും, ബിസിനസ് ആവശ്യങ്ങള്‍ പറഞ്ഞാണ് നടിയില്‍ നിന്ന് പണം ആവശ്യപ്പെട്ടെന്നും പൊലീസ് പറയുന്നു. എന്നാല്‍ പണം നല്‍കിയിട്ടില്ലെന്നാണ് നടി ഷംന കാസിം പ്രതികരിച്ചത്. പണം നല്‍കിയിട്ടില്ലെന്നും ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പൊലീസില്‍ അറിയിച്ചെന്നുമാണ് നടിയുടെ മറുപടി.

തൃശ്ശൂര്‍ സ്വദേശികളായ അഷ്‌റഫ്, രമേശ്, റഫീഖ്, ശരത് എന്നിവരെയാണ് നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഇനി പിടികൂടാനുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Top