blackmailing for thachagiri; sreelekha ips

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപിയുമായ ആര്‍. ശ്രീലേഖ. തനിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിടാന്‍ ചരടുവലിച്ചത് ടോമിന്‍ തച്ചങ്കരിയാണെന്ന് ശ്രീലേഖ ആരോപിക്കുന്നു. കഴിഞ്ഞ 29 വര്‍ഷമായി തച്ചങ്കരി തന്നെ വേട്ടയാടുകയാണെന്നും ഇനി തനിക്ക് മോചനം വേണമെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.

സ്‌കൂള്‍ ബസുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഋഷിരാജ് സിങ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ നടന്ന സംഭവത്തില്‍ തോമിന്‍ തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെയാണ് പരാതി ഉയര്‍ന്നത്.

എന്നാല്‍ ഇതിലൊന്നും നേരിട്ടു പങ്കാളിയല്ലാതിരുന്ന തന്നെ 2015ല്‍ ഈ കേസിന്റെ ഭാഗമാക്കി പരാതിക്കാരന്‍ കോടതിയെ സമീപിച്ചതിനു പിന്നില്‍ ടോമിന്‍ തച്ചങ്കരിയെന്നാണ് പ്രധാന ആക്ഷേപം. 1987ലെ ഐപിഎസ് ട്രയിനിങ് കാലഘട്ടം മുതല്‍ ടോമിന്‍ തച്ചങ്കരി തന്നെ വേട്ടയാടുകയാണെന്നു പരാതിക്കാരുമായി ചേര്‍ന്ന് തച്ചങ്കരിയാണ് ഗൂഢാലോചന നടത്തിയതെന്നും ശ്രീലേഖ ആരോപിക്കുന്നു.

എന്ത് പരാതി ലഭിച്ചാലും കേസെടുക്കാന്‍ ഉത്തരവിടുന്ന ജഡ്ജിയാണ് വിജിലന്‍സ് കോടതിയിലുള്ളതെന്ന് മനസിലാക്കിയായിരുന്നു തച്ചങ്കരിയുടെ നീക്കം. കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് ഡിവൈഎസ്പി നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് പരാതിക്കാരന് ചോര്‍ന്ന് കിട്ടിയതിനു പിന്നിലും ടോമിന്‍ തച്ചങ്കരിയാണ്. തനിക്ക് ലഭിക്കേണ്ട പ്രമോഷനും മറ്റ് സ്ഥാനമാനങ്ങളും ഇല്ലാതാക്കുകയാണ് തച്ചങ്കരിയുടെ ലക്ഷ്യം. തച്ചങ്കരിയില്‍ നിന്നുള്ള മാനസിക പീഡനത്താല്‍ താന്‍ രോഗിയായി മാറിയെന്നും ഇത് ഇനി സഹിക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേസമയം, ആര്‍.ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ച കാര്യങ്ങള്‍ തെറ്റെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. ശ്രീലേഖ ഉന്നയിച്ചത് അടിസ്ഥാനമില്ലാത്ത ബാലിശമായ ആരോപണങ്ങളാണ്. കഴിഞ്ഞ 29 വര്‍ഷമായി ആര് ആരെ വേട്ടയാടുന്നുവെന്നു പോലീസിന്റെ തലപ്പത്ത് എല്ലാവര്‍ക്കുമറിയാം. ശ്രീലേഖയുടെ ഈ ചട്ടലംഘനം ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തച്ചങ്കരി പറഞ്ഞു.

Top