ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലന്റില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ 2018 ജനുവരി ഒന്നു മുതല്‍ ഇന്ത്യക്ക് ലഭിക്കും.
ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ഇന്ത്യയിലെ സ്വിസ് അംബാസിഡര്‍ ആന്‍ഡ്രിയാസ് ബോം സി.ഡി.ബി.റ്റി ചെയര്‍മാന്‍ സുഷീല്‍ ചന്ദ്ര എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ വച്ചാണ് സുപ്രധാനമായ കരാറില്‍ ഒപ്പു വച്ചത്.
ഇതോടു കൂടി സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ മുഴുവന്‍ വിവരങ്ങളും ‘ഓട്ടോമാറ്റിക് ഷെയറിംഗ് സിസ്റ്റം’ എന്ന പ്രക്രിയ വഴി ഇന്ത്യയ്ക്ക് ലഭ്യമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സസ് (സി.ഡി.ബി.റ്റി) അറിയിച്ചു.
കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും കരാറുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഒപ്പു വച്ചിരുന്നു. ഇടപാടുകാരുടെ വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറില്‍ വ്യക്തമാക്കുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്ന് വന്‍ തോതിലുള്ള കള്ളപ്പണമാണ് സ്വിസ് ബാങ്കുകളിലേക്ക് ദിനം പ്രതി ഒഴുകുന്നത്. ഇതില്‍ മുന്‍ പന്തിയിലാണ് ഇന്ത്യക്കാരുടെ സ്ഥാനം. രാഷ്ട്രീയ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ പറയുന്നത്.