പ്രവാചക നിന്ദ; ഡൽഹിയിൽ സംഘടിച്ചവർക്കെതിരെ കേസ്

ഡൽഹി: പ്രവാചക നിന്ദക്കെതിരെ അപവാദ പ്രചരണങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്. ബിജെപി നേതാക്കളായ നുപുർ ശർമയുടെയും നവീൻ കുമാർ ജിൻഡാലിൻ്റെയും പ്രചരണങ്ങൾക്കെതിരെ ഡൽഹി ജുമാ മസ്ജിദിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് കേസ്.

ഏകദേശം 500ഓളം ആളുകളാണ് വെള്ളിയാഴ്ചത്തെ ജുമുഅ നിസ്കാരത്തിനു ശേഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തത്. നുപുർ ശർമയെയും നവീൻ കുമാറിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇവർ പ്രേതിഷേധിച്ചത് . പള്ളിയുടെ കവാടത്തിനരികെ സമാധാനപരമായാണ് പ്രതിഷേധം നടന്നതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് സമയത്തെ പ്രതിഷേധത്തിനു ശേഷം ആളുകൾ പിരിഞ്ഞുപോയി. ഇവിടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലും പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടുണ്ട് . ഇതിനോടകം 227 പേരെയാണ് ആറു ജില്ലകളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രയാഗ് രാജിൽനിന്ന് ആറുപേരെയും ഹത്രാസിൽനിന്ന് 50 പേരെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം നടന്ന സ്ഥലങ്ങളിൽനിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

Top