കൊല്‍ക്കത്ത: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയെ കൊല്‍ക്കത്ത പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. ജൂണ്‍ 20ന് മൊഴി രേഖപ്പെടുത്താന്‍ നര്‍ക്കല്‍ദംഗ പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു സ്വകാര്യ ടി.വി ചാനല്‍ ചര്‍ച്ചക്കിടെയാണ് പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നുപൂര്‍ ശര്‍മ്മ വിവാദ പരാമര്‍ശം നടത്തിയത്. ഇത് രാജ്യത്തിനകത്തും പുറത്തും നിരവധി പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
പശ്ചിമ ബംഗാളിന് പുറമേ മഹാരാഷ്ട്ര, ജമ്മു-കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലൂം പ്രവാചക നിന്ദ പ്രസ്താവനയില്‍ ബി.ജെ.പി നേതാക്കളായ നൂപുര്‍ ശര്‍മ, നവീന്‍കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .
മഹാരാഷ്ട്രയിലെ മുംബൈ, താനെ, മുംബ്ര എന്നിവിടങ്ങളിലും കേസുണ്ട്. താനെയിലെ ഭീവണ്ടി പൊലീസ് സ്റ്റേഷനിൽ നൂപുര്‍ തിങ്കളാഴ്ചയും നവീന്‍ കുമാര്‍ ബുധനാഴ്ചയും ഹാജരാകാന്‍ സമന്‍സ് ഉണ്ട്. മുംബ്ര പൊലീസില്‍ 22 നും മുംബൈ പൊലീസിന് മുമ്പിൽ 25 നുമാണ് ഹാജരാകേണ്ടത്.