ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കൊണ്ട് നാശോന്മുഖമായ ടെക്‌സസിനെ ഭീതിയിലാഴ്ത്തി സ്‌ഫോടനവും.
പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടു കൂടിയാണ് ടെക്‌സസിലെ കെമിക്കല്‍ പ്ലാന്റില്‍നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചത്.
കോര്‍സ്ബിയിലെ അര്‍കേമ കെമിക്കല്‍ പ്ലാന്റില്‍ നിന്ന് രണ്ടു പ്രാവശ്യം സ്‌ഫോടനശബ്ദം കേള്‍ക്കുകയും കറുത്ത പുക ഉയരുന്നത് ശ്രദ്ധയില്‍പെടുകയും ചെയ്തിരുന്നതായിട്ടാണ് വിവരം.
ഹൂസ്റ്റണില്‍നിന്നും 25 മൈല്‍ അകലെയാണ് കോര്‍സ്ബി.
ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം സ്‌ഫോടനത്തിനുള്ള സാധ്യതയുണ്ടെന്ന് കമ്പനി അധികൃതര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
മുന്‍കരുതലിന്റെ ഭാഗമായി സ്ഥലത്തിനു മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഇവിടെനിന്നും ഒഴിപ്പിച്ചിട്ടുണ്ട്.
ടെക്‌സസിന്റെ വിവിധ മേഖലകളിലായിട്ടാണ് ഓര്‍ഗാനിക് പെറോക്‌സൈഡ് സൂക്ഷിച്ചിരിക്കുന്നതെന്നും അതിനാല്‍ സ്‌ഫോടനമുണ്ടാകുന്നതിനുള്ള സാധ്യത ഇനിയും തള്ളിക്കളയാനാകില്ലെന്നും കമ്പനി മുന്നറിയിപ്പു നല്‍കുന്നുണ്ട്.
ഓര്‍ഗാനിക് പെറോക്‌സൈഡിന്റെ നിര്‍മാണമാണ് അര്‍കേമ നടത്തിയിരുന്നത്. പെറോക്‌സൈഡ്‌സ് വളരെ തീപിടിക്കുന്നതാണെന്നും അത് സ്വയം കത്തി തീരാന്‍ അനുവദിക്കുന്നതാണു നല്ലതെന്നും അര്‍കേമ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.