തമിഴ്നാട്ടിലെ വിദുരനഗര്‍ ജില്ലയില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 19 ആയി. മരിച്ചവരില്‍ ഗര്‍ഭിണിയും കോളേജ് വിദ്യാര്‍ഥിനിയുമടങ്ങുന്നുണ്ട്.സ്‌ഫോടനത്തില്‍ പരിക്കേറ്റ മുപ്പതോളം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
കത്തിക്കരിഞ്ഞ നിലയിലുള്ള 13 മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്.തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലാണ്.സ്‌ഫോടനത്തില്‍ പടക്കനിര്‍മാണം നടന്നിരുന്ന പത്ത് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. അന്‍പതോളം തൊഴിലാളികളാണ് ഈസമയം ജോലിസ്ഥലത്തുണ്ടായിരുന്നത്്. ഇവരില്‍ പകുതിയോളവും സ്ത്രീകളാണ്.. ഒന്‍പതുപേര്‍ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.
സാത്തൂരിനടുത്ത് അച്ചന്‍കുളം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീ മാരിയമ്മാള്‍ ഫയര്‍ വര്‍ക്സ് എന്ന സ്വകാര്യ പടക്കനിര്‍മാണശാലയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപ്പിടിച്ചത്.വിരുദുനഗര്‍, സാത്തൂര്‍, വെമ്പക്കോട്ടൈ എന്നിവിടങ്ങളില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന യൂണിറ്റുകള്‍ നാലുമണിക്കൂറോളം പരിശ്രമിച്ചാണ് തീകെടുത്തിയത്.
നിയമവിരുദ്ധമായി പലര്‍ക്കും ഉപകരാറുകള്‍ കൊടുത്ത് അനധികൃതമായാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അനുവദനീയമായതിലും കൂടുതല്‍ പേര്‍ ഇവിടെ പണിയെടുത്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പടക്കനിര്‍മാണ ശാലയുടെ ലൈസന്‍സ് ഉടമ സന്താനമാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍പ്പോയ ഇവരെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായി പോലീസ് അറിയിച്ചു.
സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക്അന്‍പതിനായിരം രൂപയും അനുവദിച്ചു. മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് മൂന്നുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും സഹായധനം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും പ്രഖ്യാപിച്ചു.