കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം ആസൂത്രിതമെന്ന് പൊലീസ്. സ്‌ഫോടനമുണ്ടായ സമയത്ത് കളക്ടറേറ്റിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അഞ്ച് ക്യാമറകളുടെയും റെക്കോര്‍ഡിംഗ് ഓഫ് ചെയ്ത നിലയിലായിരുന്നു. ക്യാമറകള്‍ പ്രവര്‍ത്തിക്കാഞ്ഞതിനാല്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചില്ല.
രാവിലെ 10.45ഓടെയാണ് കൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം നടന്നത്. ലേബര്‍ ഓഫീസിന് താഴെയായി നിര്‍ത്തിയിട്ടിരുന്ന ജീപ്പിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ മുന്‍സിഫ് കോടതിയില്‍ കേസിന്റെ ആവശ്യത്തിനായി എത്തിയ സാബു എന്നയാള്‍ക്ക് പരുക്കേറ്റു.
ബാറ്ററികളും വെടിമരുന്നും ഉപയോഗിച്ച് നിര്‍മ്മിച്ച ബോംബാണ് പൊട്ടിയത്. പതിനാലോളം ഫ്യൂസുകളും സംഭവ സ്ഥലത്ത് നിന്ന് പോലീസിന് ലഭിച്ചു. പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സ്‌ഫോടനം നടന്ന ജീപ്പില്‍ ഡീസല്‍ ഇല്ലാതിരുന്നത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. മാവോയിസ്റ്റ് സാന്നിധ്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.