മൊഗാദിഷുവില്‍ വീണ്ടും ഇരട്ട സ്‌ഫോടനം; 23 പേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു.

സ്‌ഫോടനത്തില്‍ 30-ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ആദ്യസ്ഫോടനം നാസാ ഹബോള്‍ഡ് ഹോട്ടലിലായിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഹോട്ടലിലേക്ക് ചാവേര്‍ ഓടിച്ചു കയറ്റുകയായിരുന്നു.

മൂന്ന് അല്‍ഷബാബ് തീവ്രവാദികള്‍ ഹോട്ടലിലേക്ക് ഇരച്ചുകയറുകയും ചെയ്തു. ശനിയാഴ്ച പ്രസിഡന്റ് മുഹമ്മദ് അബ്ദുള്ള ഫര്‍മാജോ പങ്കെടുത്ത യോഗത്തിനു വേദിയായ ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്.

പ്രസിഡന്‍ഷ്യല്‍ പാലസിനു സമീപത്താണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. സൊമാലിയന്‍ സുരക്ഷാ സേന തീവ്രവാദികളെ വധിച്ചു. സംഭവം നടക്കുമ്പോള്‍ പ്രസിഡന്റ് ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. ഹോട്ടലിനുള്ളില്‍ പ്രവേശിച്ച തീവ്രവാദികള്‍ ഗ്രനേഡുകള്‍ എറിഞ്ഞു.

മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. ഹോട്ടലിനു സമീപമുള്ള കെട്ടിടങ്ങളും സ്ഫോടനത്തില്‍ തകര്‍ന്നു. ശനിയാഴ്ച വൈകുന്നേരം ഹോട്ടലില്‍ അഞ്ച് ഫെഡറല്‍ റിപ്പബ്ലിക്കുകളുടെ യോഗം പ്രസിഡന്റ് വിളിച്ചിരുന്നു.

രണ്ടാമത്തെ സ്ഫോടനം മുന്‍ പാര്‍ലമെന്റ് മന്ദിരത്തിനു സമീപമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഷബാബ് ഭീകരര്‍ ഏറ്റെടുത്തു. രണ്ടാഴ്ച മുമ്പ് നഗരത്തിലുണ്ടായ രണ്ടു വലിയ സ്‌ഫോടനങ്ങളില്‍ 350നു മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടു.

Top