കപ്പലിലെ വാട്ടര്‍ ബല്ലാസ്റ്റ് വെല്‍ഡിങ്ങിനിടെ പൊട്ടിത്തെറിയില്‍ മരിച്ചത് അഞ്ച് മലയാളികള്‍;

Cochin Shipyard

കൊച്ചി : കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിലെ ഡ്രൈഡോക്കില്‍ വെല്‍ഡിങ്ങിനിടെ അസറ്റലൈന്‍ വാതകത്തിന് തീപിടിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് നിഗമനം. കപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചിരുന്നു.

പത്തനംതിട്ട സ്വദേശി ജിവിന്‍, എറണാകുളം വൈപ്പിന്‍ സ്വദേശി റംഷാദ്, കൊച്ചി എരൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍, വൈറ്റില സ്വദേശി കണ്ണന്‍, തേവര സ്വദേശി ജയന്‍ എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ അഭിലാഷ്, സച്ചു, ജയ്‌സണ്‍, ശ്രീരൂപ് എന്നിവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവരെ കൊച്ചിന്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ശ്രീരൂപിന്റെ നില ഗുരുതരമാണ്. ഉണ്ണികൃഷ്ണനും ജിവിനും ഫയര്‍മാന്മാരും റംഷാദ് സൂപ്പര്‍വൈസറുമാണ്. കരാര്‍ ജീവനക്കാരനാണ് ഗവിന്‍.

ഒഎന്‍ജിസി എണ്ണപര്യവേഷണത്തിനുപയോഗിക്കുന്ന സാഗര്‍ ഭൂഷണ്‍ കപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഡ്രൈഡോക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ കപ്പലിലെ വാട്ടര്‍ ബല്ലാസ്റ്റ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശ് അറിയിച്ചു. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും പുക പടര്‍ന്നാണ് മരണമുണ്ടായതെന്ന് കരുതുന്നതായും കമ്മീഷണര്‍ പറഞ്ഞു.

Top