കന്നി ഗോളിന് ശേഷം മഞ്ഞക്കടല്‍ ആര്‍ത്തിരമ്പുന്നു; പകച്ചുപോയി ബ്ലാസ്റ്റേഴ്‌സിന്റെ സിഫ്‌നിയോസ്

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ സമനിലയില്‍ കുരുങ്ങി വലയുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

കേരളം ഒന്നടങ്കം മലയാളിതാരം സി.കെ വിനീത് ഗോള്‍വല കുലുക്കുന്നത് കാത്തിരുന്നപ്പോള്‍ ക്ലബ്ബിന്റെ ഗോള്‍വരള്‍ച്ച അവസാനിപ്പിച്ചത് മാര്‍ക് സിഫ്‌നിയോസ് എന്ന ഡച്ചുകാരനാണ്.

19-കാരനായ സിഫ്‌നിയോസ് ഒറ്റ ഗോളുകൊണ്ട് കേരളക്കരയുടെ പ്രിയങ്കരനായി മാറി.

ബ്ലാസ്‌റ്റേഴ്‌സിനായുള്ള തന്റെ കന്നി ഗോളിന് ശേഷം മലയാളി ആരാധകരുടെ പിന്തുണയ്ക്കു മുന്നില്‍ പകച്ചു പോയെന്ന് തുറന്നു പറയുകയാണ് സിഫ്‌നിയോസ്.

വാക്കുകളില്‍ വിവരിക്കാനാവില്ല ആ നിമിഷം. ഉദ്ഘാടന മത്സരത്തിന് മുമ്പ് വാം അപ്പിനായി ഗ്രൗണ്ടിലെത്തുമ്പോള്‍ തന്നെ കേരളത്തിന്റെ സപ്പോര്‍ട്ട് കണ്ട് അദ്ഭുതപ്പെട്ടു പോയിരുന്നു. അവിശ്വസനീയമായ അന്തരീക്ഷം. തിങ്ങി നിറഞ്ഞ ഗ്യാലറി. എവിടേയും മഞ്ഞ. കരിയര്‍ കഴിഞ്ഞാലും മറക്കില്ല ആ ദിവസവും ആ ഗോളും. താരം പറയുന്നു.

കോച്ച് റെനെ മ്യുളന്‍സ്റ്റീനാണ് സിഫ്‌നിയോസിനെ ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കുന്നത്.

മികച്ച താരങ്ങളും പിന്തുണയുമുള്ള നല്ല ടീമാണ് ബ്ലാസ്റ്റേഴ്‌സെന്നും ഇതുവരേയുമുള്ള കളി വച്ച് ടീമിന്റെ കരുത്ത് അളക്കരുതെന്നും താരം പറയുന്നു.

ഓരോ കളിയിലും മെച്ചപ്പെട്ടു വരികയാണെന്നും ഇനി തങ്ങള്‍ ജയിക്കുമെന്നും സിഫ്‌നിയോസ് പറയുന്നു.

Top