ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ഫൈറ്റര്‍’ ഒടിടിയിലേക്ക്; വന്‍ തുകയ്ക്ക് ചിത്രം സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്

ബോളിവുഡിലെ ഈ വര്‍ഷം എത്തിയ ബോക്‌സ് ഓഫീസ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ഫൈറ്റര്‍’ ഒടിടിയിലേക്ക്. വമ്പന്‍ തുകയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം എപ്പോള്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

150 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ഫൈറ്ററിന്റെ ഒടിടി റൈറ്റ്‌സ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ ബോക്‌സ് ഓഫീസില്‍ 336 കോടിയിലധികം രൂപയാണ് ഫൈറ്റര്‍ നേടിയത്. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈറ്ററില്‍ സഞ്ജീദ ഷെയ്ക്കും നിര്‍ണായക വേഷത്തില്‍ ഉണ്ട്. ചിത്രത്തിന് തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ചെങ്കിലും കളക്ഷനില്‍ വന്‍ തുകയില്‍ എത്താന്‍ കഴിയാത്തത് ഹൃത്വിക് റോഷനെ നിരാശയിലാക്കിയിരുന്നു.

‘പഠാന്‍’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന ഫൈറ്റര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കഥയാണ് പറയുന്നത്. നായകനും നായികയും ചിത്രത്തില്‍ സൈനിക യൂണിഫോമില്‍ ചുംബിച്ച രംഗം സിനിമയെ വിവാദത്തിലെത്തിച്ചിരുന്നു. മിര്‍മാക്‌സ്, വയകോം 18 എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രാഹണം സത്ചിത് പൗലോസാണ്.

Top