ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്തത് പുനഃസ്ഥാപിച്ച് ട്വിറ്റര്‍. നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുനഃസ്ഥാപിച്ചത്. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ മാറ്റം വരുത്തിയിട്ടില്ലായിരുന്നു. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിന് 9.3 ലക്ഷം ഫോളോവേഴ്സും വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന് 13 ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്സുമാണുള്ളത്.
വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ട് ആറ് മാസത്തോളമായി നിഷ്ക്രിയമായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടതെന്നുമായിരുന്നു ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിരുന്നത്. അതേസമയം ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി രംഗത്തെത്തിയിരുന്നു. ട്വിറ്ററിന്റെ നടപടി ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് ബിജെപി മുംബൈ വാക്താവ് സുരേഷ് നഖുവ പറഞ്ഞു.