ബ്ലൂ വെയില്‍ ഗെയിം ; സ്കൂൾ കുട്ടികൾക്ക് ബോധവത്കരണം നൽകാൻ സുപ്രീം കോടതി

supreame court

ന്യൂഡൽഹി: ബ്ലൂ വെയില്‍ പോലെയുള്ള ഗെയിമുകളിലെ അപകടങ്ങളെക്കുറിച്ച് സ്കൂൾ കുട്ടികൾക്ക് ബോധവത്കരണം നടത്താൻ സുപ്രീം കോടതി ഉത്തരവ്‌.

തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി ഇറക്കിയത്.

എല്ലാ സംസ്ഥാനങ്ങളും കുട്ടികളിൽ ബോധവത്കരണം നടത്തണമെന്നാണ് ഉത്തരവ്.

കുട്ടികൾക്ക് ഇത്തരം ഗെയിമുകൾ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി നൽകണമെന്നും , അവരുടെ ജീവിതത്തിന്റെ അർത്ഥവും , സൗന്ദര്യവും എന്താണെന്ന് മനസിലാക്കി കൊടുക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് ബന്ധപ്പെട്ട വകുപ്പിലെ സെക്രട്ടറിമാർക്ക് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകാനും കോടതി അറിയിച്ചു.

ഇത്തരത്തിലുള്ള ഗെയിമുകളുടെ ദുരിതഫലങ്ങളെക്കുറിച്ച് രാജ്യത്തെ എല്ലാ സ്കൂളുകളേയും അറിയിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കാൻ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനും ബെഞ്ച് നിർദേശം നൽകി.

ബ്ലൂ വെയില്‍ ഗെയിം കളിച്ചതിലൂടെ കുട്ടികൾ ആത്മഹത്യ ചെയ്ത കേസുകൾ അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് സുപ്രീം കോടതി പരിഗണിച്ചു.

Top