തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ബ്ലൂവെയില്‍ ഗെയിം ആത്മഹത്യയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
ഗെയിം കാരണമാണ് പതിനാറുകാരനായ മനോജ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നുണ്ടെങ്കിലും കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം സ്ഥീരീകരിക്കാനാവു എന്നാണ് പൊലീസിന്റെ നിലപാട്.
കഴിഞ്ഞ മാസം 26ന് വിളപ്പില്‍ശാലയില്‍ മനോജ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് ബ്ലുവെയില്‍ ഗെയിം കാരണമാണെന്നാണ് കുടുംബം പറയുന്നത്. ഗെയിമിന്റെ ടാസ്‌കുകളില്‍ പറയുന്ന കാര്യങ്ങല്‍ മനോജ് ചെയ്തിട്ടുണ്ട് എന്നതാണ് ഇതിന് കാരണമായി അമ്മ അനു പറയുന്നത്.
രാത്രിയില്‍ സെമിത്തേരിയില്‍ പോയിരിക്കുക ,നീന്തല്‍ അറിയാത്തയാള്‍ ചുഴിയുളള പുഴയില്‍ ചാടുക,ശരീരത്തില്‍ മുറിമുകളുണ്ടാക്കുക തുടങ്ങി മനോജ് ചെയ്ത കാര്യങ്ങളെല്ലാം ഗെയിമിന്റെ ഭാഗമായി വരുന്നതുമാണ്.
മനോജിന്റെ ഫോണ്‍ പരിശോധിക്കാനും,സുഹൃത്തുക്കളില്‍ നിന്ന് വിവരം തേടാനും പൊലീസ് ആലോചിക്കുന്നുണ്ട്.
അതേസമയം കേരളത്തില്‍ കൂടുതല്‍ കുട്ടികള്‍ ഈ കൊലയാളി ഗെയിം ഉപയോഗിക്കുന്നുണ്ടോയെന്ന പരിശോധന ശക്തമാക്കാനും ആലോചിക്കുന്നുണ്ട്. രക്ഷിതാക്കളും ,അധ്യാപകരും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും ഇതിനോടകം തന്നെ നല്‍കിയിട്ടുണ്ട്.