നീലച്ചിത്ര നിര്‍മാണ കേസ്‌; രാജ് കുന്ദ്രക്കെതിരെ 1500 പേജുള്ള കുറ്റപത്രം

മുംബൈ: വിവാദമായ നീലച്ചിത്ര നിര്‍മാണ കേസില്‍ മുംബൈ പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ കോടതിയില്‍ 1500-ഓളം പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. വ്യവസായിയായ രാജ് കുന്ദ്രയാണ് കേസിലെ മുഖ്യസൂത്രധാരനെന്നും കുന്ദ്രയും മറ്റ് പ്രതികളും ചേര്‍ന്ന് യുവതികളെ ചൂഷണം ചെയ്ത് അശ്ലീലവീഡിയോകള്‍ ചിത്രീകരിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

നീലച്ചിത്ര നിര്‍മാണ കേസില്‍ രാജ് കുന്ദ്രയും കൂട്ടാളി റയാന്‍ തോര്‍പും അറസ്റ്റിലായതിന് പിന്നാലെയാണ് പൊലീസ് സംഘം അനുബന്ധ കുറ്റപത്രം നല്‍കിയത്. സിങ്കപ്പൂരില്‍ താമസിക്കുന്ന യാഷ് ഠാക്കൂര്‍, ലണ്ടനില്‍ താമസിക്കുന്ന പ്രദീപ് ബക്ഷി എന്നിവരെ പിടികൂടാനുണ്ടെന്നും പുതിയ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസിലെ ഒമ്പത് പ്രതികള്‍ക്കെതിരെ കഴിഞ്ഞ ഏപ്രിലില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

സാങ്കേതിക പരിശോധനകളില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും രാജ് കുന്ദ്രക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചെന്നാണ് പൊലീസിന്റെ വാദം. ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി, നടി ഷെര്‍ലിന്‍ ചോപ്ര എന്നിവരുള്‍പ്പെടെ 43 പേരുടെ സാക്ഷിമൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളില്‍ അവസരം കിട്ടാന്‍ കാത്തിരുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികളെയാണ് നീലച്ചിത്ര നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും ഈ ദൃശ്യങ്ങള്‍ വിവിധ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും അപ് ലോഡ് ചെയ്ത് രാജ് കുന്ദ്ര അനധികൃതമായി കോടികള്‍ സമ്പാദിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നീലച്ചിത്ര റാക്കറ്റില്‍ കുരുങ്ങിയ യുവതികളെല്ലാം വഞ്ചിക്കപ്പെട്ടു. അവര്‍ക്ക് ഒരുതരത്തിലുള്ള പ്രതിഫലമോ നഷ്ടപരിഹാരമോ നല്‍കിയില്ല. മാത്രമല്ല, അന്വേഷണം ആരംഭിച്ചതോടെ രാജ് കുന്ദ്രയും റയാന്‍ തോര്‍പ്പും നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചെന്നും കുറ്റപത്രത്തിലുണ്ട്. ഈ വര്‍ഷമാദ്യം മുംബൈയിലെ മലാദിലെ ബംഗ്ലാവില്‍ പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് നീലച്ചിത്ര നിര്‍മാണ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

കേസില്‍ അഭിനേതാക്കളും സിനിമാപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ആദ്യഘട്ടത്തില്‍ അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിലാണ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും കൂട്ടാളികളും അറസ്റ്റിലായത്.

അതേസമയം, ഭര്‍ത്താവിനെതിരേ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ദിവസം ശില്‍പ ഷെട്ടി കശ്മീരിലായിരുന്നുവെന്ന് വിവിധ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശില്‍പ ഷെട്ടിയുടെ ചിത്രങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.

 

Top