ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെ കൈയ്യിലെടുത്ത് യുവതി: ഞെട്ടലോടെ കുടുംബം

ലോകത്തിലെ ഏറ്റവും അപകടകരമായ ജീവിയെ കയ്യിലെടുത്ത് ഓമനിയ്ക്കുകയാണ് കെയ്‌ലിൻ മാരിയെന്ന യുവതി. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി അപകടത്തിൽ നിന്നും രക്ഷപെട്ടത്. ബാലിയിലാണ് സംഭവം. ബാലിയിൽ വിനോദ യാത്രയ്ക്ക് പോയതിനിടെയിലാണ് ഒരു അപൂർവ്വ ജീവി കെയ്‌ലിന്റെ കണ്ണിൽപ്പെട്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത കടൽ ജീവിയെ കൗതുകത്തോടെ കൈയിൽ വച്ച് കെയ്‌ലിൻ ഒരു ഫോട്ടോയും എടുത്തു. പിന്നീടാണ് താൻ കൈയ്യിലെടുത്തത് ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയാണെന്ന് മനസിലാകുന്നത്.

ബ്ലൂ റിംഗ്ഡ് ഒക്ടോപസ് അഥവാ നീല വളയമുള്ള നീരാളി എന്നാണ് ജീവിയുടെ പേര്. ലോകത്തെ ഏറ്റവും അപകടകാരിയായ ജീവികളിൽ ആറാം സ്ഥാനമാണ് ഇതിനുള്ളത്. ഇത് അറിയാതെയാണ് ജീവിയെ കയ്യിൽ എടുത്ത് ഓമനിച്ചത്. സംഭവത്തെ വിവരിച്ച് വീഡിയോയും യുവതി പോസ്റ്റ് ചെയ്തിരുന്നു. ജീവിയെക്കുറിച്ച് മനസിലായതോടെ സംഭവം ഓർത്ത് ഒരുപാട് കരഞ്ഞുവെന്ന് കെയ്‌ലിൻ വീഡിയോയിൽ പറയുന്നു. അപകടമൊന്നും സംഭവിക്കാതെ രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് യുവതിയും വീട്ടുകാരും.

നൂറ് ഗ്രാം മാത്രം ഭാരമുള്ള ഈ ഒക്ടോപസ് കാഴ്ചയിൽ ചെറുതാണെങ്കിലും ഒട്ടും നിസാരക്കാരനല്ല. ഇതിന്റെ വിഷം ഉള്ളിൽ ചെന്നാൽ മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. മഞ്ഞനിറമുള്ള ചർമ്മവും നീല, കറുപ്പ് വളയങ്ങളും കൊണ്ട് ഇവയെ തിരിച്ചറിയാം. എന്നാൽ അപകടത്തിൽപെട്ടെന്ന് തോന്നിയാൽ ഇവയുടെ നിറം മാറും. പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ വേലിയേറ്റ കുളങ്ങളിലും പവിഴപ്പുറ്റുകളിലുമാണ് ഇവ കാണപ്പെടുന്നത്. കടിയേറ്റാൽ പെട്ടെന്ന് തിരിച്ചറിയാനും സാധിക്കില്ല.

Top