മെക്‌സിക്കോ: കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന നിരവധി ഗെയിമുകളെ കുറിച്ച് ധാരാളം വാര്‍ത്തകളാണ് എത്തുന്നത്. ഇത്തരത്തിലൊരു ഗെയിമാണ് മോമോ ഗെയിം. ജീവനു തന്നെ ഭീക്ഷണിയാകുന്ന ഇത്തരം ഗെയിമുകളെ കുറിച്ച് മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
‘മോമോ ചാലഞ്ച്’ എന്ന പേരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗെയിം കഴിഞ്ഞ ആഴ്ചയാണ് ലോകത്ത് വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷമായത്. ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷം വന്ന ഏറ്റവും അപകടകാരിയായ ഗെയിമാണ് മോമോ ചാലഞ്ച്. ഗെയിമില്‍ താല്‍പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടണം എന്ന് പറഞ്ഞാണ് ഗെയിം ആരംഭിക്കുന്നത്. മെസ്സേജുകളും മറ്റും പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയയ്ക്കും. പലരിലും ആത്മഹത്യാ പ്രവണത തന്നെ ഇതുണ്ടാക്കും. പേഴ്‌സണലൈസ്ഡ് ഗെയിമായതിനാല്‍ തന്നെ സ്വാധീന ശക്തിയും ഇതിന് വളരെ കൂടുതലാണ്.
വാട്‌സാപ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്. ജപ്പാനീസ് ആര്‍ട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്‍പത്തിന്റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്.