ബിഎംഡബ്ല്യു ഇരട്ടകള്‍ക്ക് വേണ്ടി ഇനിയേറെ കാത്തിരിപ്പില്ല ; ജൂലായ് 18 -ന് വിപണിയിലേക്ക്

ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകള്‍ ജൂലായ് 18 -ന് ഇന്ത്യന്‍ വിപണിയില്‍ വില്‍പനയ്ക്കെത്തുമെന്നു റിപ്പോര്‍ട്ട്. ജൂണ്‍ എട്ടു മുതല്‍ ബൈക്കുകളുടെ പ്രീ-ബുക്കിംഗ് കമ്പനി ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയിരുന്നു. ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ മോഡലുകളെ ഉപഭോക്താക്കള്‍ക്ക് അമ്പതിനായിരം രൂപ നല്‍കി ബുക്ക് ചെയ്യാവുന്നതാണ്. മൂന്നു മുതല്‍ മൂന്നര ലക്ഷം രൂപ വരെ വില ഇന്ത്യന്‍ നിര്‍മ്മിത G310 R (റോഡ്സ്റ്റര്‍), G310 GS (അഡ്വഞ്ചര്‍ ടൂറര്‍) ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം.

എന്‍ട്രി-ലെവല്‍ അഡ്വഞ്ചര്‍ ശ്രേണിയിലേക്കാണ് G310 R, G310 GS നെയ്ക്കഡ് ബൈക്കുകള്‍ അവതരിക്കുക. ബിഎംഡബ്ല്യുവും ടിവിഎസും സംയുക്തമായി വികസിപ്പിച്ച 313 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഇരു മോഡലുകളിലും തുടിക്കും. ടിവിഎസ് അപാച്ചെ RR310 അണിനിരക്കുന്നതും ഇതേ എഞ്ചിനില്‍ തന്നെ. ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. 30 കിലോമീറ്റര്‍ ഇന്ധനക്ഷമത എഞ്ചിന്‍ കാഴ്ചവെക്കുമെന്നാണ് വിവരം.

ഇരു ബൈക്കുകളും 144 കിലോമീറ്റര്‍ പരമാവധി വേഗം രേഖപ്പെടുത്തും. അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന മോണോഷോക്ക് പിന്നിലും മോഡലുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 300 mm, 240 mm ഡിസ്‌ക്കുകളാണ് മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്.

Top