Boards to fix hotel food prices in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വില നിയന്ത്രണ നിയമം നടപ്പാക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. തോന്നിയപോലെ വില ഈടാക്കാതിരിക്കാനാണ് നിയമം നടപ്പാക്കുന്നത്. ചെറുകിട കച്ചവടക്കാരുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹോട്ടലുകളില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കിയാല്‍ അയ്യായിരം രൂപവരെ പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വിലനിയന്ത്രണ നിയമമാണ് നിലവില്‍ വരുന്നത്.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കാനായി തയാറാക്കിയ കേരള ഹോട്ടലുകള്‍ (ഭക്ഷണവില ക്രമീകരണം) ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കി.

എല്ലാ ജില്ലകളിലെയും ഹോട്ടലുകളുടെ രജിസ്‌ട്രേഷനും വില നിയന്ത്രണത്തിനുമായി അതോറിറ്റി രൂപവത്കരിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജിയായി നിയമിക്കാന്‍ യോഗ്യതയുള്ളതോ ആയ ആളിനെ അധ്യക്ഷനാക്കിയാണ് അതോറിറ്റി രൂപവത്കരിക്കുക. ആറ് അനൗദ്യോഗിക അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും.

ജില്ലാ അതോറിറ്റി അംഗീകരിച്ച വിലവിവരപ്പട്ടികയിലുള്ള വിലയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് ഹോട്ടലുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ കൊണ്ടുവരും. വിലകൂട്ടാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ നിര്‍ദിഷ്ട ഫീസ് സഹിതം അതോറിറ്റിക്ക് അപേക്ഷ നല്കണം. ജില്ലാ അതോറിറ്റി ഇതുസംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനം എടുക്കും. ചട്ടലംഘനം നടത്തിയാല്‍ ഹോട്ടലിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി തദ്ദേശസ്ഥാപനത്തെ അറിയിച്ചാല്‍ അവര്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും. ജില്ലാ അതോറിറ്റിയുടെ ഉത്തരവുകള്‍ സിവില്‍ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല

Top