ബോട്ടില്‍ കപ്പല്‍ ഇടിച്ചുണ്ടായ അപകടം; കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു

കൊച്ചി: കൊച്ചിയില്‍ മത്സ്യ ബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ച് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുന്നു. മൂന്നു പേരുടെ മൃതദേഹം ഇന്നലെ കരയ്ക്കെത്തിച്ചിരുന്നു. ഒന്‍പത് മത്സ്യതൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇടിച്ച കപ്പല്‍ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

തൃശൂര്‍ ചേറ്റുവയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ പുലര്‍ച്ചെയാണ് ബോട്ടില്‍ കപ്പല്‍ ഇടിച്ച് അപകടമുണ്ടായത്. മത്സ്യതൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു.

കടലില്‍ കാണാതായ ഒന്‍പത് പേര്‍ക്കു വേണ്ടിയുള്ള തെരച്ചിലാണ് ഇന്നും തുടരുന്നത്. കാണാതായവരില്‍ ഒരാള്‍ മാലിയേക്കര സ്വദേശിയും മറ്റൊരാള്‍ ബംഗാള്‍ സ്വദേശിയും മറ്റുള്ളവര്‍ കുളച്ചല്‍ സ്വദേശികളുമാണ്.

നാവിക സേന, തീരസംരക്ഷണ സേനാ, തീരദേശ പൊലീസ് എന്നിവര്‍ക്കൊപ്പം മത്സ്യതൊഴിലാളികളും ആഴക്കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. മൂന്നു ഹെലികോപ്റ്ററില്‍ നേവി ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

ബോട്ടില്‍ ഇടിച്ചെന്ന് കരുതുന്ന ഇന്ത്യന്‍ എണ്ണക്കപ്പലായ ദേശശക്തിയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്.

Top