കൊച്ചി: ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഞായറാഴ്ച രാത്രി തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹം രാമന്‍തുറ സ്വദേശി യേശുപാലന്റേ (36)താണെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണം അഞ്ചായി ഉയര്‍ന്നത്.
യേശുപാലന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
അപകടം നടന്ന ബോട്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏകമലയാളി മാല്യങ്കര സ്വദേശി സിജുവടക്കം (43) അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
അപകടത്തില്‍പെട്ട രണ്ടുപേരെ നേരത്തെ രക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോഴും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ള ഏഴു പേര്‍ക്കായുള്ള തെരച്ചലാണ് നടന്നുവരുന്നത്.
തൃശൂര്‍ ചേറ്റുവയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ബോട്ടില്‍ കപ്പല്‍ ഇടിച്ച് അപകടമുണ്ടായത്. മത്സ്യതൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു.
നാവിക സേന, തീരസംരക്ഷണ സേനാ, തീരദേശ പൊലീസ് എന്നിവര്‍ക്കൊപ്പം മത്സ്യതൊഴിലാളികളും ആഴക്കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ബോട്ടില്‍ ഇടിച്ചെന്ന് കരുതുന്ന ഇന്ത്യന്‍ എണ്ണക്കപ്പലായ ദേശശക്തിയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. പുറം കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ചത് ഇന്ത്യന്‍ കപ്പലായ എം.വി.ദേശശക്തിയെന്നാണ് സൂചന. കപ്പല്‍ ചെന്നൈയില്‍ നിന്ന് ഇറാഖിലേക്ക് പോകുന്ന വഴിയാണ് കപ്പല്‍ ബോട്ടില്‍ ഇടിച്ചത്.
അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. ഇടിച്ച ശേഷം കപ്പല്‍ നിര്‍ത്താതെ പോയി.