boat – thiruvantharapuram – forest department

തിരുവനന്തപുരം: വനം വകുപ്പിന്റെ വിവിധ ഡിവിഷനുകളിലെ തടാകങ്ങളില്‍ സവാരിക്കായി ബോട്ടുകള്‍ വാങ്ങിയതില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സൂചന. പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോ വഴി വാങ്ങിയ ബോട്ടുകളില്‍ ചിലത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലും ലഭിക്കാതെ വെള്ളത്തിലിറക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് പണം ചെലവഴിച്ചതായി കാണിക്കാ!ന്‍ സിഡ്‌കോയ്ക്ക് വനം വകുപ്പ് ചെക്ക് കൈമാറുകയും ചെയ്തു.

തെന്മല ഇക്കോ ടൂറിസം പദ്ധതിയിലേക്കായി ശെന്തുരുണി വൈല്‍ഡ് ഡിവിഷനിലേക്ക് മൂന്നു ബോട്ടുകളും നെയ്യാര്‍ ഡാമിലേക്ക് ഒരു ബോട്ടും വാങ്ങിയതിലാണ് വന്‍ ക്രമക്കേട് നടന്നതായി സംശയിക്കുന്നത്. വനം വകുപ്പ് സിഡ്‌കോയ്ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും സ്വകാര്യ കമ്പനിയാണ് ബോട്ട് നിര്‍മിച്ചു നല്‍കിയത്. ശെന്തുരുണിയില്‍ 201415 വര്‍ഷത്തില്‍ 53,96,774 രൂപ രണ്ടു ബോട്ടുകള്‍ വാങ്ങാനായി വിനിയോഗിച്ചതായാണ് വിവരാവകാശ നിയമപ്രകാരം വനം വകുപ്പില്‍ നിന്നു നല്‍കിയ മറുപടി.

2015 ജൂണ്‍ 17, 18 തിയതികളില്‍ രണ്ടു ബോട്ടുകള്‍ ഡിവിഷനില്‍ എത്തിച്ചു. ഒരു ബോട്ട് ഇപ്പോഴും നിര്‍മാണത്തിലാണ്. ഡിവിഷനില്‍ എത്തിച്ചവയ്ക്ക് ഫിറ്റ്‌നസ് ലഭിക്കാനുള്ള നടപടികള്‍ അന്നു മുതല്‍ ആരംഭിച്ചതാണെങ്കിലും ഇതേവരെ ലഭ്യമായിട്ടില്ല. പ്രാഥമിക പരിശോധനയില്‍ സവാരിക്ക് അനുമതി നല്‍കാനുള്ള സൗകര്യങ്ങള്‍ ബോട്ടില്‍ ഇല്ലെന്നാണ് വിവരം.

നെയ്യാര്‍ ഡാമിലേക്ക് 38 ലക്ഷം ചെലവില്‍ ഒരു ബോട്ട് വാങ്ങാനുള്ള ഓര്‍ഡര്‍ മൂന്നു വര്‍ഷം മുമ്പാണ് സിഡ്‌കോയ്ക്ക് നല്‍കിയത്. ഈ ബോട്ടിന്റെ നി!ര്‍മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നാണ് വനം വകുപ്പില്‍ നിന്നു ലഭിച്ച വിവരം.

ഇതിനിടെ തട്ടേക്കാട് ഡിവിഷനിലേക്ക് ബോട്ട് വാങ്ങാനുള്ള ടെന്‍ഡറിലും സിഡ്‌കോ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ക്വാട്ട് ചെയ്‌തെങ്കിലും മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത് പുനഃപരിശോധിക്കണമെന്നാണ് വനം വകുപ്പ് സെക്രട്ടറി നിലപാടെടുത്തത്. എങ്കിലും സിഡ്‌കോയ്ക്കു തന്നെ ഓര്‍ഡര്‍ നല്‍കാനുള്ള ചരടുവലികള്‍ വനം വകുപ്പിനുള്ളില്‍ തന്നെ ശക്തമായി ആരംഭിച്ചിട്ടുണ്ട്.

തട്ടേക്കാട്, തേക്കടി ബോട്ട് ദുരന്തങ്ങള്‍ക്കു ശേഷം സവാരിക്കുള്ള ബോട്ടുകള്‍ക്ക് തുറമുഖ വകുപ്പിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതു ലഭ്യമാവാതെ ബോട്ട് വെള്ളത്തിലിറക്കാന്‍ സാധിക്കില്ല. എന്നാല്‍ വനം വകുപ്പ് ഒരു കോടിയിലേറെ രൂപ മുടക്കി വാങ്ങുന്ന ബോട്ടുകള്‍ക്കൊന്നും പരിശോധനയുടെ പ്രാഥമിക കടമ്പകള്‍ പോലും കടക്കാന്‍ സാധിക്കുന്നില്ലെന്നാണ് സൂചന.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് അവസാന നിമിഷത്തില്‍ സിഡ്‌കോയ്ക്ക് ഓര്‍ഡര്‍ നല്‍കി പണം വിനിയോഗിച്ചതായി കണക്കുണ്ടാക്കുകയാണ് വനം വകുപ്പില്‍ പതിവ്. ഇത്തരത്തില്‍ പണം ചെലവഴിക്കേണ്ടതില്ലെന്ന് വനം സെക്രട്ടറി നിലപാടെടുത്തതായാണ് വിവരം.

Top