പ്രയാഗ്‌രാജില്‍ ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍

പ്രയാഗ്രാജ്: ഉത്തര്‍പ്രദേശില്‍ പ്രയാഗ്രാജ് ജില്ലയില്‍ ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. ത്രിവേണി സംഗമത്തിനടുത്തുപോലും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി പലരും ഇവിടെയെത്തി മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിടുന്നുണ്ടെന്ന് പ്രദേശവാസികള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കാറ്റില്‍ മണല്‍ നീങ്ങുന്നതോടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പലതും പുറത്തുവരുന്നു. നായകളും പക്ഷികളും മൃതദേഹാവശിഷ്ടങ്ങള്‍ കടിച്ചുവലിക്കുന്നുണ്ട്. പ്രദേശത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമെന്നുള്ള ആശങ്ക പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മൃതദേഹങ്ങള്‍ ശരിയായി സംസ്‌കരിക്കാത്തത് സ്ഥിതിഗതികള്‍ ഇനിയും മോശമാക്കുമെന്നും രോഗബാധ വര്‍ധിപ്പിക്കുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

400 മുതല്‍ 500 വരെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഗംഗാതീരത്തെ മണലില്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. നിസ്സഹായ ജനങ്ങളാണ് ഇവിടെയുള്ളത്. പല കുടുംബങ്ങള്‍ക്കും മൃതദേഹം ശരിയായി സംസ്‌കരിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ല. ഈയൊരു പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് നാട്ടുകാര്‍ പറയുന്നു.

Top