കൊവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിച്ച ശേഷം സംസ്‌കരിച്ചു; രൂപതയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ പള്ളി സെമിത്തേരിയില്‍ ദഹിപ്പിച്ച ശേഷം സംസ്‌കരിച്ച പള്ളിയുടെ നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ലത്തീന്‍ രൂപതയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച ശേഷം സംസ്‌കരിച്ചത്.

രൂപതയുടെ നടപടി മാതൃകപരമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് ബാധിച്ച് മരണപ്പെട്ട രണ്ട് മൃതദേഹങ്ങള്‍ ആണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് ഇടവക സെമിത്തേരിയില്‍ ദഹിപ്പിച്ചത്. വെള്ളക്കെട്ടും മറ്റ് പ്രാദേശിക പ്രശ്‌നങ്ങളും മൂലം സംസ്‌കാരങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് സഭാ ചരിത്രത്തിലെ അപൂര്‍വ്വ നടപടി.

മാരാരിക്കുളം സെന്റ് അഗസ്ത്യന്‍സ് ദേവാലയത്തിലാണ് ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്നെത്തിച്ച മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷമാണ് ദഹിപ്പിച്ചത്. പിന്നീട് ഭസ്മം പെട്ടിയിലാക്കി കല്ലറയില്‍ സംസ്‌കരിച്ചു.

കഴിഞ്ഞ ദിവസം മരിച്ച കാട്ടൂര്‍ സ്വദേശി മറിയാമ്മ മൃതദേഹവും പള്ളി സെമിത്തേരിയില്‍ ദഹിപ്പിച്ചു. ജില്ലാഭരണകൂടവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാതൃകാപരമായ തീരുമാനം ബിഷപ് ജയിംസ് ആനാപറമ്പില്‍ സഭാ വിശ്വാസികളെ അറിയിച്ചത്. സഭാ തീരുമാനത്തെ ജില്ലാകളക്ടറും പ്രശംസിച്ചു.

Top